കരടുരേഖയ്ക്ക് കൗൺസിൽ അംഗീകാരം

കൊച്ചി: നഗര ഗതാഗതം സുഗമമാക്കാൻ തെക്ക്– വടക്ക് 17 റോഡുകളും കിഴക്ക്–പടിഞ്ഞാറ് 13 റോഡുകളും മൂന്ന് മീറ്റർ വീതികൂട്ടി ഗ്രിഡ് ഐയേൺ മാതൃകയിൽ ബന്ധിപ്പിക്കാനുള്ള നിർദ്ദേശവുമായി കൊച്ചിക്ക് കരട് മാസ്റ്റർപ്ലാൻ. പ്രകൃതിദുരന്തമുൾപ്പെടെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഡിവിഷൻ തലത്തിൽ ദുരന്തനിവാരണ സംവിധാനം, ഫെസിലിറ്റേഷൻ സെന്ററുകൾ, 14 പ്രധാന ജംഗ്ഷനുകളുടെ വിപുലീകരണം, വികേന്ദ്രീകൃത മാലിന്യസംസ്കരണം, പൈതൃകങ്ങളുടെ സംരക്ഷണം തുടങ്ങിയവയ്ക്കും മാസ്റ്റർപ്ലാനിൽ പദ്ധതികളുണ്ട്. അമൃത് മിഷൻ ഉദ്യോഗസ്ഥർ കൗൺസിലിൽ അവതരിപ്പിച്ച കരടിന്മേൽ നടന്ന ചർച്ചയിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ പങ്കെടുത്തു. ജലവിതരണം, മാലിന്യ സംസ്‌കരണം, ടൂറിസം, ഗതാഗതം, ഹൗസിംഗ് എന്നിങ്ങനെ 18 വിഭാഗങ്ങളിലാണ് പദ്ധതികൾ.

18

നഗരത്തെ 18 വ്യത്യസ്ത മേഖലകളായി

തിരിച്ചാണ് കരട് രേഖ തയ്യാറാക്കിയിട്ടുള്ളത്.

ഐ.ടി അധിഷ്ഠി​ത വ്യവസായങ്ങൾക്കായി പൈപ്പ്‌ലൈൻ

13 വാണിജ്യകേന്ദ്രങ്ങൾ

23 മാർക്കറ്റുകളുടെ നവീകരണം
ഓൾഡ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ചാത്യാത്ത് വരെ നടപ്പാത,
മുട്ടാർ, വെണ്ണല, പേരണ്ടുർ, എളംകുളം എന്നിവിടങ്ങളിൽ മലിനജല സംസ്കരണ പ്ലാന്റുകൾ

ഇടക്കൊച്ചി, രാമേശ്വരം, കലൂർ മാർക്കറ്റ് എന്നിവിടങ്ങളിൽ ചെറുപ്ലാന്റുകൾ

ഏഴിടത്ത് വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റുകൾ

 കേന്ദ്രഫണ്ട് ലഭിക്കണമെങ്കിൽ

പൊതുജനാഭിപ്രായം തേടുന്നതിനായി മാസ്റ്റർ പ്ളാനിന്റെ കരടുരേഖയുടെ വിശദമായ അവതരണം ആറു സോണുകളിലും നടത്തണമെന്ന് മേയർ എം. അനിൽകുമാർ നിർദ്ദേശം നൽകി. ഇതിനുമുമ്പായി കൗൺസിലർമാർ അതാത് ഡിവിഷനുകളുടെ ലോക്കൽ ഏരിയ പ്ളാൻ തയ്യാറാക്കണം. സോണൽ യോഗങ്ങളിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഡിസംബറിൽ സ്പെഷ്യൽ കൗൺസിൽ വിളിച്ചുചേർക്കും. എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം സ്വരൂപിച്ച് കരട് രേഖ സമ്പുഷ്‌ടമാക്കിയതിനു ശേഷം മാസ്റ്റർപ്ളാനിന്റെ അന്തിമ രൂപരേഖ കൗൺസിലിൽ അവതരിപ്പിക്കുമെന്നും മേയർ പറഞ്ഞു.

അമൃത്പദ്ധതി ഫണ്ടും നഗരവികസന ഫണ്ടും ലഭിക്കണമെങ്കിൽ മാസ്റ്റർ പ്ളാൻ നിർബന്ധമാണെന്ന് കേന്ദ്രസർക്കാർ ഈ വർഷം കർശനനിർദ്ദേശം നൽകിയതോടെയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ഇതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഈ മാസം 31ന് മുമ്പായി കരടുരേഖ കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം നേടണം. അല്ലാത്തപക്ഷം കേന്ദ്രസഹായം നിഷേധിക്കപ്പെടും. തുടർന്ന് കടരുരേഖയ്ക്ക് കൗൺസിൽ അംഗീകാരം നൽകി.