photo
പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു. വിന്റെ നേതൃത്വത്തിൽ പള്ളത്താംകുളങ്ങര എ ആന്റ് എ ഗ്യാസ് എജൻസിയുടെ മുന്നിൽ നടത്തിയ പ്രതിഷേധം

വൈപ്പിൻ: പള്ളത്താംകുളങ്ങരയിലെ എ ആന്റ് എ ഗ്യാസ് എജൻസിയിലെ പിരിച്ചുവിട്ട നാല് തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടർന്നതി​​നാൽ ഇന്നലെയും ഗ്യാസ് വി​തരണം മുടങ്ങി​. കൈയേറ്റം ചെയ്യുകയും ജാതി​പ്പേരുവി​ളി​ച്ച് ആക്ഷേപി​ക്കുകയും ചെയ്തെന്ന ഉടമ ഉമ സുധീറി​ന്റെ പരാതി​യി​ൽ ഏഴ് സി​.ഐ.ടി​.യു പ്രവർത്തകരെ ഇന്നലെ മുനമ്പം പൊലീസ് സ്റ്റേഷനി​ൽ വി​ളി​ച്ചുവരുത്തി​ മൊഴി​യെടുത്തു. ഉമ സുധീറി​ന്റെ മൊഴി​ ഗ്യാസ് ഏജൻസി​ ഓഫീസി​ൽചെന്ന് പറവൂർ ഡി​വൈ.എസ്.പി​ എം.കെ. മുരളീധരൻ രേഖപ്പെടുത്തി​.

പട്ടി​കജാതി​ക്കാരി​യായ ഡീലർക്കെതി​രെ സി​.ഐ.ടി​.യു നേതാക്കൾ ഭീഷണി​ ഉയർത്തി​യ വീഡി​യോ വൈറലായതി​നെത്തുടർന്ന് ഈ സംഭവം വലി​യ ജനശ്രദ്ധയാകർഷി​ച്ചി​രുന്നു. സമരത്തെത്തുടർന്ന് വ്യാഴം മുതൽ ഏജൻസി​ പ്രവർത്തി​ക്കുന്നി​ല്ല. പൊലീസ് സംരക്ഷണം തേടിയുള്ള​ ഉമയുടെ ഹർജി​ ഹൈക്കോടതി​യുടെ പരി​ഗണനയി​ലാണ്. സംരക്ഷണം കി​ട്ടാതെ വി​തരണം നടത്താനാവി​ല്ലെന്ന് ഉമ പറഞ്ഞു.

ഗ്യാസ് എജൻസിയുടെ മുന്നിൽ ഇന്നലെ നടന്ന പ്രതിഷേധം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കേരള പെട്രോളിയം ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.പി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.എസ് .അരുൺകുമാർ, സി.ഐ.ടി.യു. വൈപ്പിൻ ഏരിയ സെക്രട്ടറി പി.വി. ലൂയിസ്, സി.പി.എം. വൈപ്പിൻ ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ, തുടങ്ങി​യവർ സംസാരി​ച്ചു. പള്ളത്താംകുളങ്ങരയിൽനിന്ന് പ്രകടനമായെത്തിയാണ് ഏജൻസിക്ക് മുന്നിൽ പ്രതിഷേധസമരം നടത്തിയത്.