saksharatha

കൊച്ചി: ജില്ലയിൽ നിരക്ഷരർ ആറായിരത്തിലധികം പേരെന്ന് സാക്ഷരതാ മിഷന്റെ സർവേ. കുടുംബശ്രീ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരാണ് സർവേയ്ക്ക് നേതൃത്വം നൽകിയത്. ജില്ലയിൽ 5000 നിരക്ഷരർക്ക് വിദ്യാഭ്യാസം നൽകാനാണ് കേന്ദ്രസർക്കാ‌ർ നിർദ്ദേശമെങ്കിലും കൂടുതൽ പേരെ കണ്ടെത്തിയിട്ടുണ്ട്. 15 വയസിന് മുകളിലുള്ളവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികയിൽ നിന്ന് കിടപ്പുരോഗികളെ ഒഴിവാക്കിയിട്ടുണ്ട്.

പരിശീലനം

വാർഡ് തലത്തിൽ വോളണ്ടറി ടീച്ചറിനെ നിയോഗിച്ചാണ് ക്ലാസുകൾ. ഒരു ബാച്ചിൽ 10-20 പേരുണ്ടാകും . ജീവിത നൈപുണ്യ പരിശീലനം നൽകും. ഡിജിറ്റൽ, സാമ്പത്തിക, നിയമ സാക്ഷരതാ ക്ലാസുകൾ, ഡിസാസ്റ്റർ മാനേജ്മെന്റ്, ശിശുപരിചരണം, ന്യൂട്രീഷ്യൻ, ആരോഗ്യ, ശുചിത്വ, പരിസ്ഥിതി സാക്ഷരതാ ക്ലാസുകൾ, വാണിജ്യ വൈദഗ്ദ്ധ്യം, കുടുംബക്ഷേമം, വ്യായാമം, യോഗ, ലഹരിവിരുദ്ധ ക്ലാസുകൾ, പ്രഥമശിശ്രൂഷ, റോഡ് ട്രാഫിക്, ആക്സിഡന്റ് മാനേജ്മെന്റ്, വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേർക്കൽ, ആധാർ കാർഡ് തുടങ്ങിയ വിഷയങ്ങളും പഠനവിഷയമാക്കും. ഇവർക്കായി അടുത്ത വർഷം ജനുവരി 22ന്

അതത് പഠന കേന്ദ്രത്തിൽ മൂന്നുമണിക്കൂർ പരീക്ഷയായ മികവുത്സവവും കലാപ്രകടനങ്ങളും നടക്കും.


പദ്ധതി ഫണ്ട്

കേന്ദ്രവിഹിതം : 1,19,89,380

കേരളവിഹിതം : 79,92,920

ആകെ: 1,99,82,300

നിരക്ഷരർ

ജില്ലയിൽ: 6,444

ഏറ്റവും കൂടുതൽ- ഒക്കൽ : 424

കുറവ്- എളങ്കുന്നപ്പുഴ : 29

"എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം നൽകി സർട്ടിഫിക്കറ്റ് നൽകുകയാണ് ലക്ഷ്യം. കണ്ടെത്തിയ എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം നൽകും."

ദീപ ജെയിംസ്

ജില്ലാ കോ ഓർഡിനേറ്റർ

സാക്ഷരതാ മിഷൻ

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം

സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത 49 തദ്ദേശ സ്ഥാപനങ്ങളിലായിരുന്നു സർവേ. 85,000 പേ‌ർക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുകയാണ് പദ്ധതി ലക്ഷ്യം. സ്വന്തം പേരെഴുതി ഒപ്പിടാൻ അറിയാത്തവരാണ് നിരക്ഷരരുടെ മാനദണ്ഡം.

ആദിവാസി വിഭാഗങ്ങൾ, ട്രാൻസ്ജെന്റർ- ക്വീർ വിഭാഗം, തീരദേശമേഖലയിലുള്ളവർ, ന്യൂനപക്ഷങ്ങൾ, കശുവണ്ടി ഫാക്ടറി തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ തൊഴിലാളികൾ തുടങ്ങിയ മേഖലകളിൽ അടിസ്ഥാന വിദ്യാഭ്യാസം നേടാൻ കഴിയാത്തവർക്കാണ് പദ്ധതി മുഖേന അവസരം നൽകുന്നത്.