rama-rao
രാമറാവു

കളമശേരി: സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ ആന്ധ്രാസ്വദേശി രാമറാവുവിനെ (35) ജൂൺ 30നുശേഷം കാണാനില്ലെന്ന് ഏലൂർ പൊലീസിൽ പരാതി. ഏലൂരിലെ സി.ഐ.എസ്.എഫ് ക്യാമ്പിൽനിന്ന് സ്ഥലംമാറ്റം ലഭിച്ചശേഷം ജൂൺ 30നകം ഹൈദരാബാദിൽ ജോലിയിൽ പ്രവേശിക്കണമായിരുന്നു. ഈ തീയതി കഴിഞ്ഞും ആളെ കാണാതിരുന്നതിനെത്തുടർന്ന് ഔദ്യോഗിക അന്വേഷണറിപ്പോർട്ട് എത്തിയപ്പോഴാണ് ഏലൂർ ക്യാമ്പ് ഓഫീസിൽ അറിയുന്നത്. ജോലിയിലിരിക്കെ ഇതിനുമുമ്പും മൂന്നുമാസം കാണാതാവുകയും തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രപരിസരത്തുനിന്ന് കണ്ടുകിട്ടുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭാര്യയും നാലുവയസുകാരിയായ മകളുമൊത്ത് ഏലൂർ ഫാക്ട് ടൗൺഷിപ്പിലെ ക്വാർട്ടേഴ്‌സിലായിരുന്നു താമസം. സ്ഥലം മാറ്റത്തെത്തുടർന്ന് കുടുംബത്തെ ആദ്യം നാട്ടിലേക്കയച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. വിവരം ലഭിക്കുന്നവർ ഏലൂർ പൊലീസിൽ അറിയിക്കണം. ഫോൺ: 9497980401.