
ആലുവ: ദേശീയപാതയിൽ കമ്പനിപ്പടി മേൽപ്പാലം പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയതോടെ ജനം അപകടഭീതിയിൽ. ഇവിടെ റോഡ് മുറിച്ചുകടക്കുന്നതിന് നടപ്പാലം നിർമ്മിക്കുമെന്ന പഞ്ചായത്ത് ഭരണാധികാരികളുടെ വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
കമ്പനിപ്പടിയിൽ സമീപ കാലത്ത് നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായത്. രണ്ടാഴ്ച മുമ്പ് ഒരു വൃദ്ധയെ വാഹനം ഇടിച്ച് തെറിപ്പിച്ചിരുന്നു. അശാസ്ത്രീയമായ റോഡ് വികസനവും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഗതാഗത നിയന്ത്രണത്തിന് പൊലീസുമില്ല. നിത്യേനയെന്നോണം വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് നടക്കുന്നത്. നേർ റോഡായതിനാൽ വാഹനങ്ങൾ ചീറിപ്പായുകയാണ്. മാത്രമല്ല റോഡിലെ വീതി ക്കുറവും പ്രശ്നമാണ്. നാലുവരിയാക്കിയപ്പോൾ ആവശ്യത്തിന് സ്ഥലമേറ്റെടുക്കാതെ പണി നടത്തിയതാണ് പ്രശ്നമായത്. അപകടങ്ങൾ പെരുകിയിട്ടും പിന്നീടൊരിക്കലും വീതി കൂട്ടാനും ശ്രമിച്ചില്ല. കവലയുടെ രണ്ടറ്റങ്ങളിലുള്ള യൂടേണുകൾ തിരിയുന്ന സ്ഥലങ്ങൾ അപകട മേഖലകളാണ്. മീഡിയനുകൾക്ക് വീതിയില്ലാത്തതാണ് യൂടേൺ പോയിന്റുകളിലെ പ്രശ്നം. വാഹനങ്ങളെ മറികടക്കാൻ സ്വകാര്യ ബസുകളും ലോറികൾ അടക്കമുള്ളവ മത്സരിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളടക്കമുള്ള കാൽനടക്കാർ റോഡ് മുറിച്ച് കടക്കാൻ ഏറെ പ്രയാസപ്പെടുന്നു. മെട്രോ പാലത്തിന് താഴെയുള്ള മീഡിയനിൽ മണ്ണ് നിറയ്ക്കാത്തതും റോഡ് മുറിച്ചുകടക്കുന്നവർക്ക് ദുരിതമാകുന്നു. മീഡിയൻ കുഴിഞ്ഞ നിലയിലായതിനാൽ റോഡിലേക്ക് കയറുമ്പോഴും റോഡിൽ നിന്ന് മീഡിയനിലേക്ക് കടക്കുമ്പോഴും കാൽതട്ടി വീഴലും പതിവാണ്. ചൂർണിക്കര പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, എസ്.പി.ഡബ്ലിയു ഹൈസ്കൂൾ എന്നിവിടങ്ങളിലേക്കുള്ളവരെല്ലാം ഇതുവഴിയാണ് പോകുന്നത്. ഇവിടെ സീബ്രാലൈനും അശാസ്ത്രീയമായ രീതിയിലാണ് വരച്ചിട്ടുള്ളത്. ബസ് സ്റ്റോപ്പിലാണ് സീബ്രാലൈൻ. അനധികൃത പാർക്കിംഗും പ്രശ്നമാകുന്നുണ്ട്. വലിയ ലോറികളടക്കം അനധികൃതമായി പാർക്ക് ചെയ്യുന്നത് പലപ്പോഴും അപകട മരണങ്ങൾക്കുവരെ കാരണമാകുകയാണ്.
മർച്ചന്റ്സ് അസോസിയേഷൻ നിവേദനം നൽകി
കമ്പനിപ്പടിയിലെ അസൗകര്യങ്ങൾ പരിഹരിച്ച് അപകടങ്ങൾക്ക് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് തായിക്കാട്ടുകര മർച്ചന്റ്സ് അസോസിയേഷൻ ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിന് നിവേദനം നൽകി. അസോസിയേഷൻ പ്രസിഡന്റ് സി.എം.യാക്കൂബ്, സെക്രട്ടറി കെ.എസ്.അഷറഫ്, സാജിദ് അലി, എബി മൈക്കിൾ, കെ.എം.ഷഫീക്ക്, ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. മെട്രോ സ്‌റ്റേഷന് താഴെ തീരെ വെളിച്ചമില്ലാത്ത അവസ്ഥയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അശാസ്ത്രീയ സീബ്രലൈൻ മാറ്റി വരയ്ക്കണം. മെട്രോയുമായി സഹകരിച്ച് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.