വൈപ്പിൻ: ജിഡ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന മുളവുകാട് റോഡ് പദ്ധതിയിലെ പ്രതിസന്ധിക്ക് പരിഹാരം. രണ്ടാം ഘട്ടം റോഡ് പരിപാലന കാലാവധി തീരുംമുൻപ് കരാറുകാരന്റെ തടഞ്ഞുവച്ച കോഷൻ ഡിപ്പോസിറ്റ് ഉൾപ്പെടെയുള്ള 26 ലക്ഷത്തോളം രൂപവരുന്ന അവശേഷിക്കുന്ന തുക ഉപയോഗിച്ച് താത്കാലികമായി അറ്റകുറ്റപ്പണി ചെയ്യാൻ കെ.എൻ. ഉണ്ണികൃഷ്ണൻ എം. എൽ.എ നിർദ്ദേശിച്ചു. ഡി.എൽ.പി തീരുന്ന അടുത്ത മാർച്ച് വരെ നേരത്തെ അനുമതി ലഭിച്ചതല്ലാത്ത മറ്റൊരു ഫണ്ടും വിനിയോഗിക്കാനാകില്ലെന്നതാണ് ചട്ടം. മാർച്ചിനുശേഷം എം. എൽ. എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് റോഡ് പൂർണതോതിൽ നവീകരിക്കും.
താത്കാലികമായി അറ്റകുറ്റപ്പണി ചെയ്യുന്നതിന് ഒരു വട്ടം നിർവ്വഹണ ഏജൻസിയായ കിറ്റ്‌കോ ടെൻഡർ ചെയ്‌തെങ്കിലും ആരും ഏറ്റെടുത്തില്ല. ഇനിയും ഒരു തവണ കൂടി ഏറ്റെടുക്കാൻ ആളില്ലാത്ത പക്ഷം ഗ്രാമപഞ്ചായത്ത് എ.ഇ മുഖേന നിർവഹിക്കുന്നതിന് തീരുമാനമായി.
ജിഡയുടെ കീഴിൽ മൂന്നു ഘട്ടങ്ങളുള്ള മുളവുകാട് റോഡ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ നിർവഹണ ഏജൻസിയായ കിറ്റ്‌കോ സ്വന്തമായി കൺസ്ട്രക്ഷൻ സാങ്കേതികത ഇല്ലാത്ത സാഹചര്യത്തിൽ മറ്റൊരു കരാറുകാരനെ ഏൽപ്പിക്കുകയായിരുന്നു. ഒരു കോടി 91 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച റോഡ് പണി തീർന്ന ഉടൻ തകർന്നു. ഡി. എൽ. പി. കാലാവധി തീരും മുമ്പ് റോഡ് തകർന്നതിനാൽ കരാറുകാരന്റെ ബാലൻസ് ഫണ്ടിൽ നന്നാക്കാൻ നിർദ്ദേശിച്ചു. എന്നാൽ ഇതിനെതിരെ കരാറുകാരൻ കോടതിയെ സമീപിച്ചു. ഇതുമൂലം തുടർ നടപടികളിൽ കാല താമസമുണ്ടാകുകയായിരുന്നു. അതോടെ റോഡ് പൂർണമായും താറുമാറുകയും യാത്രാ ദുരിതം രൂക്ഷമാകുകയും ചെയ്തിരുന്നു.