വൈപ്പിൻ: മുനമ്പം ജനമൈത്രി ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്റെയും പള്ളിപ്പുറം, കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്തുകളുടെയും സഹകരണത്തോടെ ഒരു മാസക്കാലത്തിലധികമായി 36 പഞ്ചായത്ത് വാർഡുകളിൽ നടന്നുവന്ന 'വെളിച്ചവുമായി വീട്ടിലേക്ക്' ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നവംബർ ഒന്നിന് സമാപിക്കും.
ഇന്ന് രാവിലെ 7 ന് പള്ളിപ്പുറം കച്ചേരി മൈതാനിയിൽ നിന്ന് ഗൗരീശ്വരം മൈതാനിയിലേക്ക് കൂട്ടയോട്ടവും സൈക്കിൾ റാലിയും നടത്തും.
നവംബർ ഒന്നിന് വൈകിട്ട് 4 ന് ചെറായി വലിയവീട്ടിൽ കുന്ന് ക്ഷേത്ര മൈതാനിയിൽ നിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും.
ഇരു പഞ്ചായത്തുകളിലേയും കുടുംബശ്രീ, റെസിഡന്റസ് അസോസിയേഷനുകൾ , സാംസ്‌കാരിക സംഘടനകൾ, സ്‌കൂൾ വിദ്യാർത്ഥികൾ, സ്റ്റുഡന്റ് പൊലീസ്, എൻ.സി.സി , സ്‌കൗട്ട് എന്നിവ ഘോഷയാത്രയിൽ അണിനിരക്കും.
വൈകിട്ട് 6ന് ഗൗരീശ്വരം ക്ഷേത്ര മൈതാനിയിൽ സാംസ്‌കാരിക സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി , കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത, റൂറൽ എസ്.പി വിവേക് കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, കെ.എസ്.നിബിൻ, മുനമ്പം ഡി.വൈ.എസ്.പി എം.കെ.മുരളി, സി.ഐ യേശുദാസ് എന്നിവർ പങ്കെടുക്കും. തിരുവാതിര, നാടൻപാട്ട്, കവിതാലാപനം, ഫ്‌ളാഷ് മോബ് , കലാപരിപാടികൾ എന്നിവയോടെ പ്രചരണം സമാപിക്കും.