തൃപ്പൂണിത്തുറ: പെരുമ്പളം - പൂത്തോട്ട ജങ്കാർ സർവീസ് മുടങ്ങിയതിനാൽ വാഹന യാത്രികർ ഏറെ ദുരിതത്തിലാണ്. രണ്ടു ജങ്കാർ സർവീസ് നടത്തുന്ന റൂട്ടിൽ ഇപ്പോൾ ഒന്നുമാത്രം.
സിവിൽ സപ്ലൈസിൽ നിന്ന് റേഷൻകട, മാവേലി സ്റ്റോർ എന്നിവിടങ്ങളിലേക്കുള്ള സാധനങ്ങൾ എത്തിക്കുവാൻ കഴിയാതെ വന്നതിനെത്തുടർന്ന് പൂത്തോട്ടയിൽ നിന്നുള്ള സർവീസ് പിൻവലിച്ച് പെരുമ്പളം പാണാവള്ളി റൂട്ടിൽ ഓടിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.
പെരുമ്പളം മാർക്കറ്റ് - പാണാവള്ളി ജങ്കാർ തകരാറിൽ ആയതിനെ തുടർന്നാണ് നിറുത്തി വച്ചത്.
തകരാർ പരിഹരിച്ച് എപ്പോൾ സർവീസ് പുന:രാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നില്ല.
കുണ്ടന്നൂർ, അരൂക്കുറ്റി, പാണാവള്ളി വഴി കിലോമീറ്റർ താണ്ടിയാണ് പെരുമ്പളം ദ്വീപിൽ ടിപ്പറുകൾ വന്നുകൊണ്ടിരുന്നത്. പൂത്തോട്ട റൂട്ടിൽ ജങ്കാർ തുടങ്ങിയതോടെ ഇതിന് പരിഹാരം ആയിരുന്നു.
അരൂർ എം.എൽ.എ. ആയിരുന്ന അഡ്വ. എ.എം. ആരിഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.26 കോടി നൽകി 2016 ൽ നീറ്റിലിറക്കിയ ഐശ്വര്യ ജങ്കാർ സർവീസ് നടത്താതെ കഴിഞ്ഞ ആറുമാസമായി ജെട്ടിയിൽ തുരുമ്പിച്ച് കിടക്കുകയാണ്. പഞ്ചായത്ത് ഫണ്ടു കൊണ്ട് പലതവണ കേടുപാടുകൾ നീക്കിയെങ്കിലും ഇപ്പോഴും പ്രവർത്തിക്കാൻ ഉതകുന്ന രീതിയിൽ ആയിട്ടില്ല. ഇനി അത് നീറ്റിലിറക്കണമെങ്കിൽ 34 ലക്ഷം ചെലവിടണം. ഇതിനായി അധികൃതർ അടിയന്തരമായി ഇടപെടൽ നടത്തണമെന്നുള്ള നാട്ടുകാരുടെ ആവശ്യം ശക്തമാണ്. ഐശ്വര്യ പ്രവർത്തനക്ഷമമാകുമെങ്കിൽ ഇപ്പോഴുള്ള പ്രതിസന്ധിക്ക് പരിഹാരമാകും.
ജങ്കാർ ഓട്ടം നഷ്ടക്കണക്കിൽ
പൂത്തോട്ട -പെരുമ്പളം, പെരുമ്പളം - പാണാവള്ളി റൂട്ടുകളിൽ സ്വകാര്യ ജങ്കാർ ഓടിക്കുമ്പോൾ പ്രതിദിനം 6000 രൂപയിൽ അധികം നഷ്ടമുണ്ട്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള തുക വക മാറ്റിയാണ് ഇതിന് പണം കണ്ടെത്തുന്നത്. പെരുമ്പളം പാണാവള്ളി റൂട്ടിൽ കിൻകോ സർവീസ് തുടങ്ങിയപ്പോൾ വാടക ഇനത്തിൽ വാങ്ങിയിരുന്ന 5000 ഇപ്പോൾ 14000 ആയി വർദ്ധിപ്പിച്ചു.
....................................
ജങ്കാറിന്റെ ഭീമമായ വാടക കുറയ്ക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണം.
എം.എസ്. ദേവരാജ്, സാമൂഹ്യ പ്രവർത്തകൻ