വൈപ്പിൻ:ലഹരിവിരുദ്ധ പ്രചാരണത്തിന് വിപുലമായ പരിപാടികളുമായി നായരമ്പലം സർവീസ് സഹകരണ ബാങ്ക്. നവംബർ ഒന്നിന് ജനകീയ കാൻവാസ് കാർട്ടൂണിസ്റ്റ് എം.എം.മോനായി ഉദ്ഘാടനം ചെയ്യും. വൈപ്പിനിലെ കലാകാരന്മാർ കാൻവാസിൽ ചിത്രങ്ങൾ വരയ്ക്കും. വിദ്യാർ ത്ഥികൾക്കായി കഥ, കവിത, പോസ്റ്റർ, സ്‌കിറ്റ് മത്സരങ്ങളും നടത്തും.
കായികതാരങ്ങളെ അണിനിരത്തി വെളിയത്താംപറമ്പ് ബീച്ചിൽ നിന്നാരംഭിക്കുന്ന മാരത്തൺ നെടുങ്ങാട് ഹെർബർട്ട് പാലം വഴി നെടുങ്ങാടെത്തി എടവനക്കാട് അണിയലിലൂടെ നായരമ്പലം മാർക്കറ്റിൽ സമാപിക്കും. ശില്പ നിർമാണം, നായരമ്പലം ഭഗവതി ക്ഷേത്ര മൈതാനത്ത് മെഗാ തിരുവാതിരകളി എന്നിവയും നടക്കും. സമാപന സമ്മേളനത്തോടനുബന്ധിച്ച് ബാങ്ക് അംഗങ്ങൾ, ജീവനക്കാർ, റെസിഡന്റ്‌സ് അസോസിയേഷൻ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, കുടുംബശ്രീ, ആരോഗ്യ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ രാഷ്ട്രീയ,സാംസ്‌കാരിക സന്നദ്ധ സംഘടനകൾ എന്നിവരെ അണിനിരത്തി ജനകീയ റാലി നടത്തുമെന്നും പ്രസിഡന്റ് പി.കെ.രാജീവ്, വൈസ് പ്രസിഡന്റ് കെ.ജെ.ഫ്രാൻസിസ്, ഡയറക്ടർ ബോർഡ് അംഗം എൻ.എ.വേണുഗോപാൽ എന്നിവർ അറിയിച്ചു.