അങ്കമാലി: നിയോജകമണ്ഡലത്തിലെ രണ്ട് സർക്കാർ സ്‌കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ 1.99 കോടി രൂപ അനുവദിക്കാൻ തത്ത്വത്തിൽ തീരുമാനമായതായി റോജി എം.ജോൺ എം.എൽ.എ അറിയിച്ചു. കറുകുറ്റി പഞ്ചായത്തിലെ പാലിശേരി ഗവ. ഹൈസ്‌കൂളിന് ഒരു കോടി രൂപയും പാറക്കടവ് ഗ്രാമപഞ്ചായത്തിലെ കുറുമശേരി ഗവ. യു.പി സ്‌കൂളിന് 99 ലക്ഷം രൂപയുമാണ് പുതിയ കെട്ടിടങ്ങൾക്കായി അനുവദിക്കുക. പാലിശേരി ഗവ.സ്‌കൂളിന് ഏകദേശം 4 കോടി രൂപ ചെലവിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിന്റെ പൂർത്തീകരണത്തിനായാണ് തുക അനുവദിക്കുന്നത്. സ്ഥലപരിമിതിയും കാലപ്പഴക്കവും മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് കുറുമശേരി ഗവ.സ്‌കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.