മരട്: കലൂരിൽ നിന്നും ചേർത്തലയിലേക്കും എരമല്ലൂരിലേക്കും പോകുന്ന ബസുകൾ കുണ്ടന്നൂർ ബസ് സ്റ്റോപ്പിൽ നിർത്തുന്നില്ലെന്ന് പരാതി. കുണ്ടന്നൂർ ബസ്റ്റോപ്പിലേക്ക് എത്താതെ കുണ്ടന്നൂർ മേൽപ്പാലം കയറി പോവുകയാണ് പതിവ്. കുണ്ടന്നൂരിൽ ഇറങ്ങേണ്ട യാത്രക്കാരെ പാലത്തിന് തൊട്ടുമുൻപായി ഇറക്കി വിടുകയും ചെയ്യും. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ഇതുപോലെ യാത്രക്കാരെ ഇറക്കി വിട്ടതിനെ തുടർന്ന് യാത്രക്കാർ ബഹളം ഉണ്ടാക്കുകയും സംഘർഷത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. ആശുപത്രിയിൽ നിന്നും മടങ്ങിയ ഹൃദ്രോഗിയെയാണ് ബസ് സ്റ്റോപ്പിലേക്ക് എത്തിക്കാതെ അര കിലോമീറ്റർ ദൂരെ ഇറക്കിവിടാൻ ശ്രമിച്ചതത്രെ. യാത്രക്കാർ പൊലീസിനെ വിളിക്കാൻ തുടങ്ങിയപ്പോൾ ബസ് മേൽപ്പാലത്തിൽ നിന്നും റിവേഴ്സ് എടുത്ത് അടിയിലൂടെ കുണ്ടന്നൂർ സ്റ്റോപ്പിൽ എത്തിക്കുകയായിരുന്നു. യാത്രക്കാർക്ക് നേരെ ബസ് ജീവനക്കാരുടെ ഭീഷണിയും ഉണ്ടായി. ബസി​ന്റെ നമ്പറും ടിക്കറ്റിലെ നമ്പറും വ്യത്യസ്തമായിരുന്നെന്നും യാത്രക്കാർ പറഞ്ഞു. ട്രാഫിക് പൊലീസിൽ പരാതി നൽകി.