കൊച്ചി: തുലാവർഷത്തിന്റെ ആദ്യപെയ്ത്തിൽ തന്നെ എറണാകുളം നഗരം വെള്ളത്തിൽ മുങ്ങി. രാവിലെ 11ന് ആരംഭിച്ച മഴ ഒരുമണിക്കൂറോളം നീണ്ടപ്പോൾ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലമർന്നു. എം.ജി.റോഡിന്റെ പല ഭാഗങ്ങളും എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളും നൊടിയിടയിലാണ് വെള്ളത്തിലായത്.
മെട്രോ എം.ജി.റോഡ് സ്റ്റേഷന് മുന്നിൽ റോഡിൽ ഒരടിയോളം വെള്ളം ഉയർന്നു. പരിസരത്തെ ചില കടകളിലും വെള്ളം കയറി. പെട്ടെന്ന് തന്നെ വെള്ളം ഇറങ്ങിയതിനാൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. കെ.പി.സി.സി ജംഗ്ഷൻ, വുഡ്ലാൻഡ് ജംഗ്ഷൻ, കവിത തീയറ്റർ പരിസരം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ഹോസ്പിറ്റൽ റോഡ് പ്രദേശങ്ങളിലും ഇതായിരുന്നു അവസ്ഥ. എം.ജി.റോഡിലെ കാനയിൽ നിന്ന് വെള്ളം റോഡിലേക്ക് പ്രവഹിക്കുകയായിരുന്നു.
സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ വിവേകാനന്ദറോഡിലും വലിയ തോതിൽ വെള്ളം കയറി. മുല്ലശേരി കനാലിലെ പണികളാണ് ഈ പ്രദേശത്ത് വെള്ളം കെട്ടി നിൽക്കാൻ കാരണമായത്. തുടർന്ന് കനാലിൽ നിന്ന് കായലിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ പ്രവർത്തിച്ചതോടെ വെള്ളം ഇറങ്ങുകയും ചെയ്തു.
കവിത തീയറ്റർ പരിസരത്തും വിവേകാനന്ദ റോഡിലും ഗാന്ധി നഗർ ഫയർ സ്റ്റേഷനിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ സഹായവുമായെത്തി. കവിത തീയറ്ററിന് സമീപം കാനയുടെ വശത്തെ ഭാഗം പൊട്ടിച്ച് വെള്ളം ഇവർ ഒഴുക്കിവിട്ടു.
കാനയ്ക്കുള്ളിലെന്താണ്.....
എം.ജി.റോഡിന്റെ ഇരുവശത്തെയും കാനകൾക്കുള്ളിലെ കാര്യങ്ങൾ ഏതാനും ആഴ്ചകൾക്ക് മുമ്പ് മേയർ അഡ്വ.എം.അനിൽകുമാർ തന്നെ തുറന്നുപറഞ്ഞിരുന്നു. ആഗസ്റ്റ് 30ന് ഉണ്ടായ അപ്രതീക്ഷിത മഴയിലും നഗരത്തിൽ വെള്ളം കയറിയിരുന്നു. തുടർന്ന് കോർപ്പറേഷൻ അധികൃതർ വടക്കുഭാഗത്തെ കാനകൾ സ്ളാബുകൾ നീക്കം ചെയ്ത് പരിശോധിച്ചപ്പോൾ കണ്ടത് പഴയ സ്ളാബുകൾക്ക് മീതെ പുതിയ സ്ളാബുകൾ സ്ഥാപിച്ചതും കേബിൾച്ചുരുളുകളും വേണ്ടതും വേണ്ടാത്തതുമായ പൈപ്പുകളും കട്ടിപിടിച്ചു കിടന്ന ഹോട്ടൽ മാലിന്യങ്ങളും ഹോട്ടലുകളിൽ നിന്ന് സെപ്റ്റിക് മാലിന്യം ഉൾപ്പടെ കാനയിലേക്ക് തള്ളുന്ന കാഴ്ചകളുമായിരുന്നു.
ഈ പ്രദേശത്ത് കുറച്ച് ഭാഗത്ത് സ്ളാബുകൾ പൊളിച്ച് മാലിന്യങ്ങൾ മാറ്റിയെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്. മാധവ ഫാർമസി ജംഗ്ഷനിലെ എം.ജി.റോഡിന്റെ പടിഞ്ഞാറു ഭാഗത്തെ സ്ളാബുകൾ മാറ്റി സ്ഥാപിക്കുന്ന ജോലി ഒരു മാസത്തോളമായിട്ടും പൂർത്തിയാക്കാനായിട്ടില്ലെന്ന് പരാതിയുണ്ട്.