അങ്കമാലി: ആരോഗ്യത്തിനും സമാധനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയായ ലഹരി പദാർത്ഥങ്ങളുടെ വില്പനയും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീർക്കും.

നവംബർ 1 രാവിലെ 9 ന് മൂക്കന്നൂർ ഗ്രാമത്തിന്റെ കവാടമായ ഭരണിപ്പറമ്പ് മുതൽ താബോർ വരെ 10 കിലോ മീറ്റർ നീളത്തിൽ പതിനായിരത്തിലധികം ആളുകൾ കൈകൾ കോർത്തുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും.

ചങ്ങലയ്ക്ക് മുന്നോടിയായി മൂക്കന്നൂർ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ മൂക്കന്നൂരിലെ എല്ലാ പാതകളെയും ബന്ധിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ വിളംബര സൈക്കിൾ റാലി സംഘടിപ്പിക്കും.