sndp-nedoor-

പറവൂർ: വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്നിൽ സംഘടിത ശക്തികളുടെ ഗൂഢലക്ഷ്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം നീണ്ടൂർ ശാഖ നിർമ്മിച്ച വെള്ളാപ്പള്ളി നടേശൻ രജത ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിർമ്മാണം നിറുത്തി വയ്ക്കണമെന്നത് ഒഴിച്ചുള്ള എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടും, സമരം തുടരുകയാണ്. നിർമ്മാണം തടസപ്പെട്ടാൽ ഒരു ദിവസം ലക്ഷക്കണക്കിന് രൂപയാണ് അദാനി ഗ്രൂപ്പിന് സർക്കാർ നഷ്ടപരിഹാരമായി നൽകേണ്ടത്. സമരവും വോട്ട് ബാങ്കും കാണിച്ച് സർക്കാരിനെ സമ്മർദ്ദത്തിലാക്കാനാണ് ശ്രമം. ഇത്തരത്തിലുള്ള സമ്മർദ്ദങ്ങളിലൂടെയാണ് സംഘടിത ശക്തികൾ മുൻ സർക്കാരുകളിൽ നിന്ന് അനർഹമായ പല കാര്യങ്ങളും നേടിയത്. ഈഴവ സമുദായത്തിന് അർഹമായ ആവശ്യങ്ങൾ ചോദിക്കുമ്പോൾ അതിനെ വർഗീയമായി ചിത്രീകരിച്ച് നിഷേധിക്കുകയാണ് എല്ലാ സർക്കാരുകളും ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.