പറവൂർ: പറവൂർ നഗരത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശ പ്രകാരമുള്ള ഗതാഗത പരിഷ്കരണം നാളെ മുതൽ നടപ്പാക്കും. തീരുമാനങ്ങൾ നടപ്പാക്കണമെന്ന് പൊലീസിനോട് നഗരസഭാധികൃതർ ആവശ്യപ്പെട്ടു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സീബ്രാ ലൈൻ മാർക്കിംഗ്,​ ദിശാബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയവ എത്രയും വേഗം നടത്തണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗത്തോടും ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട കൂടുതൽ നിർദേശങ്ങൾ ലഭ്യമാക്കാൻ മോട്ടർ വാഹന വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി പറഞ്ഞു.

പരിഷ്കരണം ഇങ്ങനെ:

വരാപ്പുഴ, വൈപ്പിൻ, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന സ്വകാര്യ ഓർഡിനറി ബസുകൾ കെ.എം.കെ കവല വഴി ബസ് ടെർമിനലിൽ പ്രവേശിച്ചു നഗരം ചുറ്റിയാണ് സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണം. എറണാകുളത്ത് നിന്ന് ഗുരുവായൂർ ഭാഗത്തേക്കുള്ള ദീർഘദൂര സ്വകാര്യ ലിമിറ്റഡ്സ്റ്റോപ് ബസുകളും കെ.എം.കെ കവല വഴി ബസ് ടെർമിനലിൽ പ്രവേശിച്ച് ചേന്ദമംഗലം കവല, മുനിസിപ്പൽ കവല വഴി നഗരംചുറ്റി പോകണം. ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന ലിമിറ്റഡ്സ്റ്റോപ് ബസുകൾക്കു ബസ് ടെർമിനലിൽ കയറി പുല്ലംകുളം പെരുവാരം വഴി പോകാവുന്നതാണ്. കെ.എസ്.ആർ.ടി.സി ബസുകൾ മിനിസിവിൽ സ്റ്റേഷന് മുന്നിൽ നിർത്തും.

ചേന്ദമംഗലംകവല കഴിഞ്ഞാൽ സ്വകാര്യ ഓർഡിനറി, ലിമിറ്റഡ്സ്റ്റോപ് ബസുകൾക്ക് നമ്പൂരിയച്ചൻആൽ പരിസരത്താണ് അടുത്ത സ്റ്റോപ്പ്. നമ്പൂരിയച്ചൻആൽ പരിസരത്ത് ബസ് കാത്തുനിൽപ് കേന്ദ്രത്തിന് മുന്നിൽ ബസുകൾ നിർത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടത്.

 ബസ് ടെർമിനലിൽ ബസുകൾ കയറുന്നുണ്ടോയെന്ന് പരിശോധിച്ച് രേഖപ്പെടുത്താൻ ഹോംഗാർഡ് ഉണ്ടാകും.

 മിനിസിവിൽ സ്റ്റേഷന് മുന്നിൽ സ്വകാര്യ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് സ്റ്റോപ്പ് ഉണ്ടാകില്ല.

നമ്പൂരിയച്ചൻആൽ മുതൽ താലൂക്ക് ആശുപ്രതി വരെയുള്ള റോഡിലെ പാർക്കിംഗ് നിയന്ത്രിക്കും.

മുന്നൊരുക്കമില്ലാതെയെന്ന് പ്രതിപക്ഷം

നഗരത്തിൽ നഗരസഭ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ ഒരുങ്ങുന്നത് വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പറവൂർ - മൂത്തകുന്നം റോഡിലൂടെ പകൽ സമയത്ത് വലിയചരക്ക് വാഹനങ്ങൾക്കും കണ്ടെയ്നർ ലോറികൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി കളക്ടർക്ക് കത്ത് നൽകും. ദേശീയപാതയിലും നഗരസഭ, പി.ഡബ്ല്യു.ഡി റോഡുകളിലും ദിശാബോർഡുകൾ സ്ഥാപിക്കാനും നഗരസഭയുടെ സ്പോൺസർഷിപ്പിലൂടെ മൂന്ന് ഹോംഗാർഡുകളെ നിയമിക്കാനും തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ലെന്ന് പ്രതിപക്ഷനേതാവ് ടി.വി.നിഥിൻ പറഞ്ഞു.