kothamangalam

കോതമംഗലം: നെല്ലിക്കുഴിയിലെ സ്വകാര്യ സ്‌കൂളിൽ സെക്യൂരിറ്റി ജീവനക്കാരന്റെ കഞ്ചാവ് പാർലറിൽ നിന്ന് അഞ്ചു പേരെ എക്സൈസ് അറസ്റ്റ് ചെയ്‌തു. സെക്യൂരിറ്റി ജീവനക്കാരനായ പാലാ പുതുക്കണ്ടത്തിൽ സാജു ബിജവിന്റെ മുറിയിലുണ്ടായിരുന്ന വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിഖ്, മുനീർ, കുത്തുകുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. സാജു, സംഘത്തലവൻ കോച്ചേരി എന്ന് വിളിക്കുന്ന നെല്ലിക്കുഴി സ്വദേശി യാസിൻ, തൃക്കാരിയൂർ സ്വദേശി രാഹുൽ എന്നിവർ ഓടി രക്ഷപ്പെട്ടു. പിടിയിലായവരിൽ മൂന്നുപേർ മുമ്പും മയക്കുമരുന്നു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള തുടരന്വേഷണമാണ് സ്കൂളിലെത്തിച്ചത്.

ശനിയാഴ്ച രാത്രിയാണ് എക്സൈസ് പരിശോധ നടത്തിയത്. സ്കൂളിന്റെ ഒന്നാം നിലയിൽ സാജു താമസിക്കുന്ന മുറിയും സ്റ്റെയർകെയ്സിന്റെ താഴെയുള്ള ഭാഗത്തുമാണ് കാഞ്ചാവ് പാർലറുണ്ടായിരുന്നത്. സ്‌കൂൾ സമയം കഴിഞ്ഞും അവധി ദിനങ്ങളിലുമാണ് ഇവിടെ കഞ്ചാവ് വില്പനയ്‌ക്കും ഉപയോഗത്തിനുമുള്ള സൗകര്യം ഒരുക്കിയിരുന്നത്.

മുറിയിൽ നിന്നും യാസിൻ ഉപേക്ഷിച്ചു പോയ ബുള്ളറ്റ് ബൈക്കിൽ നിന്നും 140 ഗ്രാം കഞ്ചാവ് പൊതികൾ കണ്ടെത്തി. ഏഴ് വർഷമായി ഇവിടെ സെക്യൂരിറ്റി ജീവനക്കാരനായ സാജു വൻതോതിൽ കഞ്ചാവ് വാങ്ങി വിറ്റിരുന്നെന്നാണ് സൂചന.

അതേസമയം 1200 കുട്ടികളുള്ള സ്‌കൂളിലെ സി.സി.ടി.വി സംവിധാനം തകരാറിലാണെന്ന് അധികൃതർ പറഞ്ഞു. അറസ്റ്റിലായവരെ കോതമംഗലം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ജാമ്യത്തിൽ വിട്ടു.