
കൂത്താട്ടുകുളം:എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ യൂത്ത്മൂവ്മെന്റ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. യുവജനതയുടെ കായികവും മാനസികവുമായ വളർച്ചയ്ക്കായി നടത്തിയ കായിക മത്സരത്തിൽ വിവിധ ശാഖകളിലെ യുവാക്കൾ പങ്കാളികളായി. ഗവ.മോഡൽ ഹയർ സെക്കൻഡറി പാലക്കുഴ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കോഴിപ്പിള്ളി 700-ാം നമ്പർ ശാഖ വിജയികളായി.
മുത്തലപുരം 836-ാം ശാഖ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യൻ, കൗൺസിലർ എം.പി.ദിവാകരൻ എന്നിവർ ട്രോഫി, മെഡലുകൾ കൈമാറി. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അനീഷ്.വി.എസ്, സെക്രട്ടറി സജിമോൻ.എം.ആർ, ജില്ലാകമ്മിറ്റി അംഗം ബിജു സി.കെ., ജോയിൻ സെക്രട്ടറിമാരായ അരുൺ വി. ദേവ്, അഖിൽ ശേഖരൻ, അരുൺ പ്രഭാകരൻ, പ്രണവ് സാജു, അജേഷ് എം.എസ്, പ്രശാന്ത് ടി.പി. എന്നിവർ നേതൃത്വം നൽകി.