photo

വൈപ്പിൻ: വരുമാന നേട്ടത്തിനും സുരക്ഷക്കും ഉൾപ്പെടെ മത്സ്യത്തൊഴിലാളികളുടെ സമ്പൂർണ്ണ ക്ഷേമത്തിന് വഴിയൊരുക്കുന്നതാണ് ഫിഷർ ഫ്രണ്ട് മൊബൈൽ ആപ്പെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു.
എച്ച് .ഡി. എഫ്. സി. ബാങ്ക് പരിവർത്തൻ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്കായി രൂപപ്പെടുത്തിയ ഫിഷർ ഫ്രണ്ട് മൊബൈൽ ആപ്ലിക്കേഷൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എം.എൽ.എ.
ജില്ലയിലെ 14 വില്ലേജുകളിലായി എം. എസ്. സ്വാമിനാഥൻ ഗവേഷണ നിലയം എച്ച്. ഡി. എഫ്. സി. ബാങ്ക് പരിവർത്തൻ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കടലിൽ മത്സ്യബന്ധനം നടത്തുന്നവരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് ഫിഷർ ഫ്രണ്ട് മൊബൈൽ ആപ്ലിക്കേഷൻ പദ്ധതിയുടെ വിഭാവനം. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അദ്ധ്യക്ഷത വഹിച്ചു .
ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലാര സൈമൺ, ഗ്രാമ പഞ്ചായത്ത് അംഗം ചിന്താമണി, ഫിഷർ ഫ്രണ്ട് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് തമിഴ്‌നാട് പൂമ്പൂഹർ ഫിഷ് ഫോർ റിസർച്ച് സെന്റർ മേധാവി ഡോ. എസ്. വേൽവിഴി, സ്വാമിനാഥൻ ഗവേഷണനിലയം കോ-ഓർഡിനേറ്റർ കുമാർ സഹായരാജു, സീനിയർ സയന്റിസ്റ്റ് പ്രജീഷ് പരമേശ്വരൻ, ചെറായി എച്ച്. ഡി. എഫ്. സി. ബാങ്ക് മാനേജർ സി. എം. അനുഷ, സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കോ ഓർഡിനേറ്റർമാരായ എം. പി. ഷാജൻ, പി. ആർ. ചൈത്ര എന്നിവർ സംസാരിച്ചു.