gothuruth-vallamkali-

പറവൂർ: ഗോതുരുത്ത് മുസിരിസ് ജലോത്സവത്തിന്റെ എ ഗ്രേഡിൽ ഗോതുരുത്തുപുത്രനും ബി ഗ്രേഡിൽ ഗോതുരുത്തും ജേതാക്കളായി. രണ്ട് ഇരുട്ടുകുത്തികളും ഗോതുരുത്ത് ഗ്രാമത്തിലെ വള്ളങ്ങളാണ്. എ ഗ്രേഡ് ഫൈനലിൽ ഡോണി ജോസഫ് കളത്തിൽ ക്യാപ്ടനായ മടപ്ലാതുരുത്ത് മലർവാടി ബോട്ട് ക്ലബിന്റെ ഗോതുരുത്തുപുത്രൻ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗണിന്റെ താണിയനെ പരാജയപ്പെടുത്തി.

നെഹ്റു ട്രോഫി ജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബിലെ തുഴച്ചിൽക്കാരാണ് ഗോതുരുത്തുപുത്രന് വേണ്ടി വള്ളം തുഴഞ്ഞത്. ബി ഗ്രേഡ് ഫൈനലിൽ സാബുജോസഫ് ഗോതുരുത്ത് ബോട്ട് ക്ലബിന്റെ ഗോതുരുത്ത് സത്താർ ഐലൻഡ് ഗരുഡ ബോട്ട് ക്ലബിന്റെ മയിൽപ്പീലിയെ തോൽപിച്ചു. ഇരുവിഭാഗങ്ങളിലായി പതിനാറ് വള്ളങ്ങൾ മാറ്റുരച്ചു. മദ്ധ്യകേരള ബോട്ട് റേയ്സ് വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ ഗോതുരുത്ത് മുസിരിസ് ബോട്ട് റേയ്സ് ക്ലബാണ് ജലോത്സവം സംഘടിപ്പിച്ചത്. ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനപള്ളി വികാരി ഫാ. ആന്റണി ബിനോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. മുസിരിസ് ബോട്ട് റേയ്സ് ക്ലബ് പ്രസിഡന്റ് എം.ജെ. റോഷൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. വടക്കേക്കര ഇൻസ്പെക്ടർ എം.എസ്. ഷെറി തുഴ കൈമാറി. ജേതാക്കൾക്ക് ഫാ. ഡോ. ജോൺസൻ ട്രോഫികൾ സമ്മാനിച്ചു.