കോതമംഗലം: കോതമംഗലം നഗരസഭയുടെ പാതയോര വിശ്രമകേന്ദ്രം നിർമ്മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് മുനിസിപ്പൽ ചെയർമാൻ കെ.കെ ടോമി പറഞ്ഞു. സംസ്ഥാന സർക്കാർ വഴിയാത്രക്കാർക്കായി ദേശീയ ,സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സംവിധാനങ്ങളോടെ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പടെ ഏത് സമയത്തും ഉപയോഗിക്കത്തക്ക വിധത്തിൽ വൃത്തിയായും സുരക്ഷിതമായും ആധുനിക സൗകര്യങ്ങളോട് കൂടിയ ശുചി മുറികളും കോഫി ഷോപ്പുകളും ഫീഡിംഗ് റൂമും അടക്കം ഉന്നത നിലവാരത്തിലുള്ള 12000 വിശ്രമകേന്ദ്രങ്ങളാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നത്.
നഗരസഭയിൽ വിവിധ ഇടങ്ങളിലായി അഞ്ച് വിശ്രമകേന്ദ്രങ്ങൾ തയ്യാറാകും. ഇതിന്റെ ഭാഗമായി മലയിൻകീഴിൽ ടെൻഡർ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിച്ച വിശ്രമ കേന്ദ്രത്തിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പ് ഉയരുകയും നഗരസഭയിൽ പരാതി ലഭിക്കുകയും ചെയ്തു. പരാതിക്കാരുമായി ചർച്ച നടത്തി മലയിൻകീഴിലെ വിശ്രമകേന്ദ്രത്തിൽ നിന്ന് ടോയ്ലറ്റ് ഒഴിവാക്കുവാൻ തീരുമാനിച്ചു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഇവിടെ ടോയ്ലറ്റ് നിർമ്മിക്കുന്നതിന് തീരുമാനം എടുത്തിരുന്നു. ദുരുദ്ദേശത്തോടെ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് വികസന പദ്ധതികൾ ഇല്ലാതാക്കരുതെന്ന് ചെയർമാൻ പറഞ്ഞു.