കർശന നിലപാടിൽ ഐ.ടി കമ്പനികൾ
കേരളത്തിൽ നാമമാത്രമെന്ന് സൂചന
കൊച്ചി: ഒരു സ്ഥാപനത്തിൽ ജീവനക്കാരനായിരിക്കെ മറ്റു സ്ഥാപനങ്ങൾക്ക് വേണ്ടിയും ജോലി ചെയ്യുന്ന 'മൂൺലൈറ്റിംഗ് " സംവിധാനത്തെ കർശനമായി നേരിടാനൊരുങ്ങി കേരളത്തിലെ ഐ.ടി കമ്പനികൾ.
രാജ്യത്തെ വൻകിട ഐ.ടി കമ്പനികളാണ് മൂൺലൈറ്റിംഗ് പിടികൂടി നടപടി ആരംഭിച്ചത്.
കൊവിഡ് ലോക്ക് ഡൗൺ കാലത്താണ് കേരളത്തിലും മൂൺലൈറ്റിംഗ് ആരംഭിച്ചത്.
ലോക്ക് ഡൗണിന് ശേഷം ഓഫീസുകളിലേയ്ക്ക് തിരിച്ചെത്താൻ ജീവനക്കാർ വിമുഖത കാണിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂൺലൈറ്റിംഗ് വെളിച്ചത്തായത്. വർക്ക് ഫ്രം ഹോം കാലത്ത് നൽകിയ ഹൈബ്രിഡ് സൗകര്യങ്ങൾ ഉപയോഗിച്ച് സ്വന്തം കമ്പനിയുടെ ജോലിസമയത്തിന് ശേഷം മറ്റുള്ളവർക്ക് കരാർ ജോലി ചെയ്യുന്നത് കണ്ടെത്തി.
ഒന്നു മുതൽ മൂന്നു ശതമാനം ഐ.ടി പ്രൊഫഷണലുകൾ മൂൺലൈറ്റിംഗ് നടത്തുന്നതായാണ് വിലയിരുത്തൽ. ഐ.ടി ഭീമനായ ഇൻഫോസിസാണ് നടപടി ആരംഭിച്ചത്. വിപ്രോ, ടെക് മഹീന്ദ്ര, യു.എസ്.ടി, ടി.സി.എസ് തുടങ്ങിയവയും മുന്നറിയിപ്പ് നൽകി. ബംഗളൂരുവിൽ 200 ലേറെപ്പേരെ വിവിധ കമ്പനികൾ പിരിച്ചുവിട്ടു.
കേരളത്തിൽ നാമമാത്രം
കേരളത്തിൽ ആരെയും പിടികൂടിയില്ലെങ്കിലും മൂൺ ലൈറ്റിംഗ് നടക്കുന്നതായാണ് ഐ.ടി വൃത്തങ്ങൾ നൽകുന്ന വിവരം. ഇതേക്കുറിച്ച് പ്രമുഖ കമ്പനികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂൺലൈറ്റിംഗ് അനുവദിക്കില്ലെന്ന് ഐ.ടി വ്യവസായികളുടെ സംഘടനയായ ജി. ടെക് വ്യക്തമാക്കി. ഒന്നിലധികം കമ്പനികൾക്ക് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫ്രീലാൻസിംഗ് തിരഞ്ഞെടുക്കണമെന്നാണ് ജി. ടെക് നിർദ്ദേശം. ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവയിലെ 270 കമ്പനികൾ ജി ടെക്കിൽ അംഗങ്ങളാണ്. ഒന്നര ലക്ഷം ജീവനക്കാർ ഇവയിലുണ്ട്
എതിർക്കാനുണ്ട് കാരണങ്ങൾ
തൊഴിൽ കരാർ ലംഘനം
സ്ഥാപനത്തോടുള്ള വഞ്ചന
തൊഴിൽ ധാർമ്മികതയ്ക്ക് എതിര്
ഡാറ്റ സുരക്ഷ നഷ്ടപ്പെടാൻ സാദ്ധ്യത
വ്യവസായത്തിന്റെ നിലനില്പിന് ദോഷം
കാരണങ്ങൾ
തുടക്ക സമയത്തെ കുറഞ്ഞ ശമ്പളം
അധികവരുമാനത്തിനുള്ള താത്പര്യം
തൊഴിലിനോടുള്ള അമിത ഭ്രമം
കൊവിഡ് കാലത്ത് ശമ്പളം വെട്ടിക്കുറച്ചത്
തൊഴിൽ, വരുമാനം എന്നിവയിലെ അനിശ്ചിതത്വം
നിയമവരുദ്ധമല്ലെന്ന്
മൂൺലൈറ്റിംഗിനെ കുറ്റമായി കാണേണ്ടെന്ന അഭിപ്രായവുമുണ്ട്. ജീവനക്കാർക്ക് അധികവരുമാനമാർഗമായി കണ്ടാൽ മതിയെന്നാണ് അനുകൂലികളുടെ നിലപാട്. സ്വന്തം കമ്പനിയിലെ ജോലിക്ക് ശേഷം എന്തു ചെയ്യണമെന്നത് വ്യക്തിപരമാണ്. ഐ.ടി രംഗത്ത് ഒന്നിലേറെ ജോലികൾ ചെയ്യുന്നതിന് നിയമതടസമില്ലെന്ന് അനുകൂലികൾ പറയുന്നു.
വിനയായത്
പി.എഫ് അക്കൗണ്ട്
ബംഗളൂരുവിലെ ടെക്കികൾ ഒന്നിലേറെ കമ്പനികൾക്ക് പി.എഫ് അക്കൗണ്ട് നമ്പരുകൾ നൽകിയതോടെയാണ് മൂൺലൈറ്റിംഗ് പുറത്തായത്. കമ്പനികൾ നടത്തിയ അന്വേഷണത്തിലാണ് ഇത്തരം ജോലികൾ ചെയ്യുന്നവരെ പിടികൂടിയത്.
......................................
''മൂൺലൈറ്റിംഗ് നിയമവിധേയമാക്കണം. ജീവനക്കാർ ആഗ്രഹിക്കുന്ന ജോലികൾ കമ്പനികൾക്ക് നൽകാൻ സാധിക്കാത്തതാണ് മൂൺലൈറ്റിംഗിംഗിന് ഒരു കാരണം.""
ആദിത്യ നാരായൺ മിശ്ര, എച്ച്.ആർ വിദഗ്ദ്ധൻ
''തൊഴിൽ ധാർമ്മികതയ്ക്ക് യോജിച്ചതല്ല മൂൺലൈറ്റിംഗ്. ജീവനക്കാരും കമ്പനികളും തമ്മിലുള്ള തൊഴിൽ കരാറിന് വിരുദ്ധമാണ്.
വി. ശ്രീകുമാർ, സെക്രട്ടറി ജി ടെക്