
കൊച്ചി: ഹൈക്കോടതി കെട്ടിടത്തിനു മുകളിൽ കയറി ഹർജിക്കാരൻ ആത്മഹത്യക്കു ശ്രമിച്ച സംഭവത്തെ തുടർന്ന് സുരക്ഷ ശക്തമാക്കി. ഓൺലൈൻ പാസില്ലാതെ സന്ദർശകർക്കോ കക്ഷികൾക്കോ ഇനി ഹൈക്കോടതിയിൽ പ്രവേശിക്കാനാവില്ല. ഹൈക്കോടതിയുടെ വെബ്‌സൈറ്റിൽ ഓൺലൈൻ പാസ് മാനേജ്മെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കോടതി ജീവനക്കാർ തിരിച്ചറിയൽ കാർഡ് ധരിക്കണം. എൻട്രി പോയിന്റുകളിലെ ബയോമെട്രിക് മെഷീനിൽ ഹാജരും രേഖപ്പെടുത്തണം. അഭിഭാഷക വേഷം ധരിക്കാതെ ഹൈക്കോടതിയിൽ എത്തുന്ന വക്കീലന്മാർ എൻട്രി പോയിന്റിൽ തിരിച്ചറിയൽ കാർഡ് കാണിക്കണം. അഭിഭാഷക വേഷത്തിലെത്തുന്നവരെ സംശയമുയർന്നാൽ മാത്രമേ പരിശോധിക്കാവൂ എന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി. കൃഷ്‌ണകുമാറിന്റെ ഉത്തരവിൽ പറയുന്നു. അഭിഭാഷക ഗുമസ്‌തർ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ തിരിച്ചറിയൽ കാർഡ് കാണിക്കണം.