# സ്പീക്കർ എ.എൻ. ഷംസീർ, എം.എ. യൂസഫലി, നടൻ മമ്മൂട്ടി എന്നിവരുമെത്തി
ആലുവ: പതിവിന് വിപരീതമായി കേക്ക് മുറിച്ചും മധുരം നുകർന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നലെ 79-ാം പിറന്നാൾ ആഘോഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, നടൻ മമ്മൂട്ടി, എം.എ. യൂസഫലി തുടങ്ങിയ പ്രമുഖർ ആശംസകൾ നേരാനെത്തി.
തൊണ്ടയുടെ ചികിത്സയ്ക്ക് ജർമ്മനിയിലേക്ക് പോകുന്നതിനായി വിശ്രമിക്കുന്ന ആലുവ പാലസിലായിരുന്നു പിറന്നാൾ ആഘോഷം.
രാവിലെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബും കേക്ക് എത്തിച്ചെങ്കിലും അൻവർ സാദത്ത് എം.എൽ.എയാണ് മുറിച്ചത്. കേക്ക് മുറിക്കാൻ പതിവുപോലെ ഉമ്മൻചാണ്ടി തയ്യാറായില്ല. ബെന്നി ബഹനാൻ എം.പിയും ഭാര്യയും നിർബന്ധിച്ചപ്പോൾ അവർ കൊണ്ടുവന്ന കേക്ക് അദ്ദേഹം മുറിച്ചു. ഭാര്യ മറിയാമ്മയിൽ നിന്ന് മധുരം സ്വീകരിച്ചു. ഉമ്മൻചാണ്ടി പിറന്നാൾ കേക്ക് മുറിക്കുന്നത് ആദ്യമായാണെന്ന് ഭാര്യ മറിയാമ്മ ഉമ്മനും മകൻ ചാണ്ടി ഉമ്മനും പറഞ്ഞു.
പൊന്നാടയണിയിച്ച് മുഖ്യമന്ത്രി
ഇന്നലെ വൈകിട്ട് 6.45നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പിറന്നാൾ ആശംസ നേരാനെത്തിയത്. ഉമ്മൻ ചാണ്ടിയെ പൊന്നാടയണിയിച്ചു. രോഗവിവരങ്ങൾ ആരാഞ്ഞ ശേഷം, ആരോഗ്യവാനായി തിരിച്ചെത്തുമ്പോൾ കാണാമെന്നും പറഞ്ഞു. ഉമ്മൻചാണ്ടിയെ കാണാനായി മാത്രമാണ് മുഖ്യമന്ത്രി തലസ്ഥാനത്ത് നിന്ന് വിമാനമാർഗം കൊച്ചിയിലെത്തിയത്. 15 മിനിറ്റിനകം മടങ്ങുകയും ചെയ്തു.
മുടി വെട്ടുന്നതാണ് ഭംഗിയെന്ന് മമ്മൂട്ടി
തലമുടി വെട്ടുന്നതാണ് തനിക്കിഷ്ടമെന്ന് പിറന്നാൾ ആശംസ നേരാനെത്തിയ മെഗാസ്റ്റാർ മമ്മൂട്ടി ഉമ്മൻചാണ്ടിയോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ തലമുടി വെട്ടിയൊതുക്കിയ നിലയിലായിരുന്നു. മമ്മൂട്ടിയുടെ വാക്കുകൾ കേട്ട് ഉമ്മൻചാണ്ടി ചിരിച്ചു. ബൊക്കെയും നൽകിയാണ് അദ്ദേഹം മടങ്ങിയത്.
സമ്മാനവുമായി സ്പീക്കർ
അണ്ടിപ്പരിപ്പും ബദാമും പിസ്തയുമടക്കിയ സമ്മാനവുമായാണ് സ്പീക്കർ എ.എൻ. ഷംസീർ എത്തിയത്. ജർമ്മനിയിലെ ചികിത്സ പൂർത്തീകരിച്ച് ആരോഗ്യവാനായി വരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പൊന്നാടയണിയിച്ച് ആശംസ നേർന്നു. പി.എസ്. ബാബുറാമും സ്വാമിക്കൊപ്പമുണ്ടായിരുന്നു. നോർക്ക റൂട്‌സ് വൈസ് ചെയർമാൻ എം.എ. യൂസഫലിയും ഉമ്മൻചാണ്ടിയെ സന്ദർശിച്ചു.