കൊച്ചി: പാലാരിവട്ടം പൈപ്പ്ലൈൻ ജംഗ്ഷന് സമീപം 25 ഏക്കറിൽ ഐ.ടി വ്യവസായ പദ്ധതി, പച്ചാളത്ത് വ്യവസായ പരിശീലന കേന്ദ്രം, മണപ്പാട്ടിപ്പറമ്പിൽ 'ദില്ലി ഹട്ട്' മാതൃകയിൽ 'കൊച്ചി ഹട്ട് ' വാണിജ്യ, കലാ, സാംസ്‌കാരിക കേന്ദ്രം. ഇരുപത് വർഷം മുന്നിൽ കണ്ടുള്ള കൊച്ചിയുടെ സമഗ്ര വികസനത്തിന് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിൽ പദ്ധതികളുടെ നീണ്ട നിര തന്നെയുണ്ട്.
കാർഷിക, ടൂറിസം, പരിസ്ഥിതി, മാലിന്യ സംസ്‌കരണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, റോഡ് വികസനം തുടങ്ങി 18 ഓളം മേഖലകൾക്ക് ഊന്നൽ നൽകുന്ന മാസ്റ്റർ പ്ലാനിന് കൗൺസിൽ അംഗീകാരം നൽകിയതോടെ തുടർനടപടികളിലേക്ക് കടന്നിരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ നഗരാസൂത്രണ വിഭാഗം. പലഘട്ടങ്ങളായി നടക്കുന്ന ചർച്ചകളിലൂടെ മൂന്ന് മാസത്തിനുശേഷം പ്രായോഗികവും കുറ്റമറ്റതുമായ മാസ്റ്റർ പ്ലാനിന് അന്തിമരൂപം നൽകും. തുടർന്നാകും കൗൺസിൽ അന്തിമ മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകുക.
 പ്രധാന പദ്ധതികൾ
എം.ജി റോഡ് ഉൾപ്പെടെയുള്ള നഗര റോഡുകൾ മൂന്ന് മീറ്റർവരെ വീതി കൂട്ടും.
നഗരത്തിന്റെ തെക്ക് വടക്ക് ദിശയിൽ 17 റോഡുകൾക്കും കിഴക്ക് പടിഞ്ഞാറ് ദിശയിൽ 13 റോഡുകൾക്കും വീതികൂട്ടും.
വൈറ്റില ജംഗ്ഷനിൽ പുതിയ ലിങ്ക് റോഡ്
14 ജംഗ്ഷനുകളുടെ വികസനം, സിഗ്‌നലിംഗ്, പുനർനാമകരണം.
മട്ടാഞ്ചേരിയിലും കാരിക്കാമുറിയിലും പുതിയ ബസ് ടെർമിനലുകൾ
വെണ്ണലയിൽ 84.2 ഏക്കറിൽ ടൗൺഷിപ്പ്
ആറ് ഇടങ്ങളിൽ മൾട്ടിലവൽ പാർക്കിംഗ് കേന്ദ്രങ്ങൾ
മുണ്ടംവേലി, മണപ്പാട്ടിപ്പറമ്പ്, രവിപുരം, ശാസ്ത്രിനഗർ, എളമക്കര എന്നിവിടങ്ങളിൽ ഇടത്തരം വിൻഡ്രോ കംപോസ്റ്റ് പ്ലാന്റുകൾ,
കനാലുകളോടു ചേർന്നു സൗരോർജ പാനലുകൾ,
സ്‌റ്റേഡിയം ലിങ്ക് റോഡിൽ വിദ്യാർത്ഥികൾക്കായി പെഡഗോജി പാർക്കും അന്ധ വിദ്യാലയവും
ഹെൽത്ത് ടൂറിസം പദ്ധതിയുടെ ഭാഗമായി മൈൻഡ് ആൻഡ് ബോഡി സെന്റർ,
വെണ്ണല, വടുതല, എളംകുളം, പൊന്നുരുന്നി വെസ്റ്റ് എന്നിവിടങ്ങളിൽ തണ്ണീർത്തട സംരക്ഷണ പാർക്കുകൾ, മംഗളവനത്തിലെ പഴയ റെയിൽവേ സ്‌റ്റേഷനിൽ വോക്‌വേ,
കുന്നുംപുറം, പാലാരിവട്ടം, സ്‌റ്റേഡിയം ലിങ്ക് റോഡ്, പുതുക്കലവട്ടം, പള്ളുരുത്തി, ഇടപ്പള്ളി, എളംകുളം, ചളിക്കവട്ടം എന്നിവിടങ്ങളിൽ പുതിയ പാർക്കുകൾ,
കലൂരിൽ ബഹുനില ഫ്ളാറ്റ് സമുച്ചയം,
കച്ചേരിപ്പടിയിൽ ട്രാൻസ്‌ജെൻഡർ ഹോം
ഇടക്കൊച്ചി, രാമേശ്വരം എന്നിവിടങ്ങളിൽ ഇടത്തരം മലിനജല സംസ്കരണ പ്ളാന്റുകൾ
എളമക്കര, വെണ്ണല, വൈറ്റില, സെൻട്രൽ സോൺ എന്നിവിടങ്ങളിൽ 10 ലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ ഓവർഹെഡ് വാട്ടർ ടാങ്കുകൾ.
മുട്ടാർ, പേരണ്ടൂർ, വെണ്ണല, എളംകുളം എന്നിവിടങ്ങളിൽ പുതിയ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റുകൾ.