padam
വിജിലൻസ് മദ്ധ്യമേഖലാ ആസ്ഥാനം

കൊച്ചി: വാടക നൽകിയുള്ള 'പഠനം' വിജിലൻസ് അവസാനിപ്പിച്ചു. അത്യാധുനിക സൗകര്യത്തോടെ സ്വന്തം കെട്ടിടത്തിൽ നിർമ്മിച്ച ട്രെയിനിംഗ് സെന്ററിൽ ഇനി കൈക്കൂലിക്കാരെ തുരത്താനുള്ള അടവുകൾ പഠിക്കും! വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കത്രൃക്കടവിലെ മദ്ധ്യമേഖലാ ആസ്ഥാനത്തെ നാലാംനിലയിലാണ് പുതിയ ട്രെയിനിംഗ് സെന്റർ പണികഴിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ട്രെയിനിംഗ് സെന്റർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

എറണാകുളം, തൃശൂർ, പാലക്കാട് യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് വിജിലൻസ് മദ്ധ്യമേഖല. സാധാരണ മൂന്ന് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർക്കായി രണ്ടുമാസം കൂടുമ്പോൾ പരിശീലനവും ജോലി സംബന്ധമായ കൂടിയാലോചനകളും നടക്കാറുണ്ട്. കോടതി വിധികളിലൂടെ ആന്റി കറപ്ക്ഷൻ നിയമത്തിൽ വന്ന മാറ്റങ്ങളും കൈക്കൂലിക്കാരുടെ പുത്തൻരീതികളും ഇത് കൈയോടെ പിടിക്കാനുള്ള ആസൂത്രണവുമെല്ലാമാണ് പാഠ്യവിഷയമാകുന്നത്. വൻതുക വാടകനൽകി കോൺഫറൻസ് ഹാളിലായിരുന്നു പരിശീലനം നടത്തിയിരുന്നത്. ട്രെയിംഗിന് സെന്ററിനായി ആവശ്യം ഉയർന്നതോടെ കഴിഞ്ഞ ബഡ്ജറ്റിൽ ഫണ്ട് നീക്കിവയ്ക്കുകയായിരുന്നു. ട്രെയിനിംഗ് സെന്ററിന് പുറമേ ഫാക്കറ്റികൾക്ക് താമസിക്കാനുള്ള സൗകര്യവുമെല്ലാം ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

 വരും കൂടുതൽ സൗകര്യം

പ്രോജക്ടറുൾപ്പെടെയുള്ള സൗകര്യങ്ങൾ നിലവിൽ ട്രെയിംഗിന് സെന്ററിലുണ്ട്. കൂടുതൽ സൗകര്യങ്ങൾ വരുത്താനുള്ള തയ്യാറെടുപ്പിലാണ് വിജിലൻസ്. ബ‌ഡ്ജറ്റിൽ അനുവദിച്ച തുകയിലാണ് നിലവിലെ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. വിജിലൻസിന്റെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത ബഡ്ജറ്റിൽ കൂടുതൽതുക നീക്കിവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

ആദ്യം തന്റെ ഓഫീസ്

തന്നെ ആയിക്കോട്ടേ: മേയർ

കൊച്ചി കോർപ്പറേഷനിൽ പരിശോധനയ്ക്ക് ഒരുങ്ങുകയാണോ.. എന്നാൽ ആദ്യം തന്റെ ഓഫീയിൽനിന്നുതന്നെ തുടങ്ങണമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ. കതൃക്കടവിലെ മദ്ധ്യമേഖലാ വിജിലൻസ് ആസ്ഥാനത്ത് പുതുതായി നിർമ്മിച്ച ട്രെയിനിംഗ് സെന്റർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലൻസ് വാരാചരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ച മുഖ്യന്ത്രി അടുത്തിടെ വിജിലൻസ് നടത്തിയ ഓപ്പറേഷനുകളിൽ കോർപ്പറേഷനുകളിൽ നടന്ന ഓപ്പറേഷൻ നിർമ്മാൺ, ഓപ്പറേഷൻ ട്രൂഹൗസ് എന്നിവ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് എടുത്തുപറഞ്ഞാണ് മേയർ തന്റെ ഓഫീസിൽ ആദ്യം പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്. വിജിലൻസ് പരിശോധന നടന്ന പേരിൽ എല്ലാവരും അഴിമതിക്കാരാകില്ല. കൃത്യമായി ജോലിചെയ്താൽ ആരെയും പേടിക്കേണ്ടിവരില്ല. തന്റെ ഓഫീസിൽ പരിശോധന നടക്കുമ്പോൾ പോരായ്മകളുണ്ടെങ്കിൽ തിരുത്താനും സാധിക്കും. പരിശോധന നടന്നെന്ന പേരിൽ വിവാദം ഉണ്ടാക്കിയേക്കരുതെന്ന് മേയർ പറഞ്ഞു.