
പറവൂർ: ക്ഷേത്ര വാദ്യകലാകാരൻമാരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി കേരളത്തിൽ ആദ്യമായി സഹകരണ സംഘം നിലവിൽ വന്നു. കേരള ക്ഷേത്ര വാദ്യകലാകാര ക്ഷേമോദ്ദാരണ സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ 1456 എന്ന പേരിലാണ് എറണാകുളം ജില്ലയിൽ സംഘം രജിസ്റ്റർ ചെയ്തത്.
സഹകരണ സംഘം ജില്ല ജോയിന്റ് രജിസ്ട്രാർ (ജനറൽ) കെ. സജീവ്കർത്ത സംഘം ഭാരവാഹികൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറി. അവശതഅനുഭവിക്കുന്ന കലാകാരൻമാർക്ക് സഹായം നൽകുന്നതിനും ഈ രംഗത്തെ പ്രഗത്ഭരെ കണ്ടെത്തി അർഹമായ അംഗീകാരം നൽകുന്നതിനുമാണ് പ്രഥമ പരിഗണന. വാദ്യകലക്കായി പഠന ഗവേഷണ കേന്ദ്രം, ക്ഷേത്ര വാദ്യകലകളുടെ പഠനത്തിന് ആവശ്യമായ ഗ്രന്ഥങ്ങളുടെ നിർമ്മാണം, വാദ്യ ഉപകരണങ്ങളുടെ നിർമ്മാണം എന്നിവയും സംഘം ലക്ഷ്യമിടുന്നതായി ചീഫ് പ്രൊമോട്ടർ ചേന്ദമംഗലം രഘുമാരാർ പറഞ്ഞു. പ്രമോട്ടർമാരായ ചെറായി സുനിൽ, ജിനേഷ് നന്ത്യാട്ടുകുന്നം, വരുൺ ശിവറാം എന്നിവരും പങ്കെടുത്തു.