
കൊച്ചി: ലഹരിക്കെതിരെ കേരളകൗമുദി നടത്തുന്ന പ്രവർത്തനം മികച്ചതും പ്രശംസനീയവുമാണെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളകൗമുദി ബോധപൗർണമി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി കാക്കനാട് രാജഗിരി കോളേജ് ഒഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രപ്രവർത്തനരംഗത്ത് 111 വർഷത്തെ പാരമ്പര്യമുള്ള പത്രമാണ് കേരളകൗമുദി. സ്വാതന്ത്ര്യസമരകാലത്തും തുടർന്നും കേരളകൗമുദി നിലപാടുകളിൽ ഉറച്ചുനിന്നു. നിലപാടുകൾ മാറ്റമില്ലാതെ തുടരാനും ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നാണ് ലഹരിക്കെതിരായ പോരാട്ടമെന്ന് തിരിച്ചറിയാനും കേരളകൗമുദിക്ക് സാധിച്ചു. കേരളകൗമുദി നടത്തുന്ന ഈ കാമ്പയിൻ ഏറെ ശ്രദ്ധേയവും അഭിനന്ദനീയവുമാണ്.
ലഹരിക്ക് അടിമപ്പെടുന്ന കുട്ടികൾ സമൂഹത്തോടും കുടുംബത്തോടും വിധേയത്വമില്ലാത്തവരായി മാറുന്നു. അച്ഛനെയും അമ്മയെയും കണ്ടാൽ മനസിലാകാത്ത അവസ്ഥയിലേക്ക് കുട്ടികൾ എത്തുന്നു. മാതാപിതാക്കൾക്ക് തങ്ങളെക്കുറിച്ച് നിറയെ സ്വപ്നങ്ങളുണ്ടെന്ന് വിദ്യാർത്ഥികൾ മനസിലാക്കണം.
ആറുമാസംമുമ്പ് എന്റെ നിയോജകമണ്ഡലത്തിൽ യാത്രചെയ്യവേ മൂലമറ്റത്ത് എത്തിയപ്പോൾ ഒരുയുവാവ് ബൈക്കിന്റെ പെട്രോൾടാങ്കിൽ മുഖംവച്ച് കിടക്കുന്നു. അരമണിക്കൂർ കഴിഞ്ഞ് തിരിച്ചുവന്നപ്പോഴും യുവാവ് അവിടെത്തന്നെയുണ്ട്. യുവാവിനെ വിളിച്ച് അടുത്തുള്ള ചായക്കടയിൽ കൊണ്ടുപോയി സംസാരിച്ചപ്പോൾ അവൻ ലഹരികിട്ടാത്ത വിഷമത്തിലാണ് പെട്രോൾ ടാങ്കിൽ മുഖംവച്ചു കിടന്നതെന്ന് മനസിലായി. പഠിക്കാൻ മിടുക്കനാണ്. ഇപ്പോൾ താൻ അവന്റെ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട് - മന്ത്രി പറഞ്ഞു.
സർക്കാരും ജനങ്ങളും സ്കൂളുകളിൽ ലഹരിവിരുദ്ധ കാമ്പയിൻ നടത്തുകയാണ്. ഈ സാഹചര്യത്തിലും കുട്ടികളോട് അടുത്തുനിൽക്കുന്നവരിൽ ചിലരാണ് അവർക്ക് ലഹരി എത്തിച്ചു നൽകുന്നതെന്ന അവസ്ഥയുണ്ട്.
പഠനം നമ്മുടെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. സാമൂഹികബോധവും ജനങ്ങളുമായിട്ടുള്ള ബന്ധവും രൂപപ്പെടുത്തി വളർന്നുവരുമ്പോഴാണ് സമ്പൂർണ വളർച്ചയിലേക്ക് നമ്മൾ എത്തുന്നത്. നമ്മൾ ചെയ്യുന്ന പ്രവർത്തനത്തിൽ പ്രതിബദ്ധത വേണം. എങ്കിലേ പ്രാപ്തിയുള്ളവരായി നമുക്ക് വളർന്നുവരാനാകൂ. ലഹരി വിപത്തിനെതിരെ പോരാടാൻ കോളേജിലെ എൻ,എസ്.എസ് യൂണിറ്റിന്റെ പ്രവർത്തനം ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.