കോലഞ്ചേരി: കോലഞ്ചേരി കോടതിയിൽ പെ​റ്റിക്കേസുകൾക്ക് കുറഞ്ഞ നിരക്കിൽ പരിഹാരം. ഓഫർ ഇന്നു മുതൽ 12 വരെ മാത്രം. സംസ്ഥാനത്ത് നടക്കുന്ന പെ​റ്റി കേസ് അദാലത്തിന്റെ ഭാഗമായാണ് അദാലത്ത്.

നാഷണൽ ലോക് അദാലത്ത് നടക്കുന്ന 12നും പെറ്റികേസുകൾ തീർപ്പാക്കാവുന്നതാണ്. 9ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന ഗ്രാമ ന്യായാലയത്തിൽ വച്ച് ഒത്ത് തീർപ്പാക്കാവുന്ന മ​റ്റു കേസുകളും പരിഗണിക്കുന്നതാണ്. പെറ്റികേസുകൾക്ക് പിഴ തുകയുടെ പകുതി മാത്രം അടച്ചാൽ മതിയാകും.

വർഷങ്ങളായി കോടതികളിൽ കെട്ടി കിടക്കുന്ന പെ​റ്റികേസുകളുടെ എണ്ണം കൂടുതലാണ്. സമയക്കുറവു മൂലവും പ്രതികൾ സമയത്ത് എത്താത്തതിനാലും കേസുകൾ മുടന്തുന്നു. ഇത്തരം കേസുകളാണ് അദാലത്തു വഴി പണമടച്ച് തീർക്കാൻ സൗകര്യം. വിവിധ കേസുകളിൽ പെട്ട മുഴുവൻ പ്രതികളെയും കണ്ടെത്താൻ പൊലീസിന് നിർദ്ദേശം നൽകി കഴിഞ്ഞു. മുമ്പ് പ്രതികളെത്താൻ വൈകുമ്പോൾ പെ​റ്റികേസ് എഴുതി തള്ളുന്ന പതിവുണ്ടായിരുന്നു.

പ്രതികളെ കണ്ടെത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി വിധിച്ചതോടെ ഇത് അവസാനിച്ചു. ഒളിവിലുള്ളവരെ കണ്ടെത്താൻ പൊലീസ് ഊർജ്ജിതമായി രംഗത്തുമിറങ്ങി. വിവിധ കോടതികളിൽ നിന്നുള്ള വാറന്റുകളിലും ദീർഘകാലമായി തീർപ്പ് കൽപിക്കാത്ത (എൽ.പി) കേസുകളിലും ഉൾപ്പെട്ടവരെ അറസ്​റ്റ് ചെയ്യാനാണ് തിരച്ചിൽ. പ്രതികൾ പലരും വിദേശത്താണ് എന്നാണ് പൊലീസ് സ്ഥിരം നൽകാറുള്ള മറുപടി. കേസുകളിൽ പ്രതികളായ ശേഷം വിദേശത്തേക്ക് പോയവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രതികളുടെ പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.

വർഷങ്ങളായി കോടതിയെയും പൊലീസിനെയും കബളിപ്പിച്ചു കഴിയുന്ന ഏറെ പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ കണ്ടെത്താൻ എസ്.ഐമാരുടെ നേതൃത്വത്തിൽ സംഘം രൂപീകരിച്ചിട്ടുണ്ട്. കോടതികളിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടും കാര്യമാക്കാത്തവരെ അറസ്​റ്റ് ചെയ്യാനാണ് തീരുമാനം.