കൊച്ചി : വൈപ്പിൻ നായരമ്പലം നെടുങ്ങാട് കൊച്ചുതറ വത്സലൻ കൊലചെയ്യപ്പെട്ടിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും ഈ സംഭവത്തിലെ മുഴുവൻ പ്രതികളെയും പിടികൂടാത്തതിലും ഞാറക്കൽ പൊലീസിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ വത്സലൻ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് എറണാകുളം വഞ്ചി സ്‌ക്വയറിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചെമ്മീൻ കെട്ടിലെ തൊഴിലാളിയായിരുന്ന വത്സലനെ മർദിച്ച് അവശനാക്കിയാണ് വെള്ളത്തിൽ തള്ളിയിട്ട് വധിക്കാൻ ശ്രമിച്ചത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ വത്സലൻ ജൂലായ് 26 ന് മരിച്ചു. ഈ കേസിൽ കൊലപാതക ശ്രമം എന്ന പേരിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ഒരു മാസത്തിനുള്ളിൽ ജാമ്യം ലഭിക്കുകയും ചെയ്തു. വത്സലന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് നാലിന് ജസ്റ്റിസ് കെമാൽ പാഷ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യും. മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ. എ , സിപ്പി പള്ളിപ്പുറം, കെ. എസ്. മധുസൂദനൻ, മാർട്ടിൻ ഊരാളി, ജോയ് നായരമ്പലം തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ കൺവീനർ കെ.ജെ. ഫ്രാൻസിസ്, രക്ഷാധികാരി അഗസ്റ്റിൻ മണ്ടോത്ത്, വാർഡ് മെമ്പർ കെ.വി. ഷിനു, പ്രസാദ് കാകൻ , കെ.കെ. പ്രദീപ് എന്നിവർ പങ്കെടുത്തു.