
കൊച്ചി: ലഹരി ബോധവത്കരണ ക്ലാസുകളിൽ കുട്ടികൾ നിർബന്ധിതരായി വന്നിരിക്കുന്ന കാഴ്ചയാണ് സാധാരണ കാണുന്നതെന്ന് തൃക്കാക്കര അസി. പൊലീസ് കമ്മിഷണർ പി.വി. ബേബി പറഞ്ഞു. ആരും സ്വയം ബോദ്ധ്യത്തോടെ ക്ലാസുകളിലേക്ക് എത്തുന്നില്ല. ഇഷ്ടമുള്ളവർ വന്നാൽമതിയെന്ന് പറഞ്ഞാൽ ബോധവത്കരണ ക്ലാസുകളിലേക്ക് പലരും വരില്ല.
ലഹരിക്കടിമപ്പെട്ട മാതാപിതാക്കൾമൂലം കുട്ടികളും തെറ്റായ വഴിയിലേക്കെത്തുന്നു. വീടുകളിൽനിന്ന് കിട്ടുന്ന അനുഭവങ്ങളും കുടുംബ പശ്ചാത്തലവുമാണ് കുട്ടികളെ സ്വാധീനിക്കുന്നത്. കുട്ടികളെ വേണ്ടരീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ അവർ അപകടമായ തലത്തിലേക്ക് എത്തിപ്പെട്ടേക്കാം.
നിങ്ങൾ പരീക്ഷണത്തിനായി ഒരുതവണ ലഹരി ഉപയോഗിച്ചുനോക്കുന്നതും വലിയ തെറ്റാണ്. 21 വയസുവരെ ലഹരിയും മദ്യവും ഉപയോഗിക്കാതിരുന്നാൽ പിന്നീട് ഒരിക്കലും അതിന് അടിമപ്പെടില്ല. അതുകൊണ്ടാണ് സർക്കാർ എറ്റവും താഴേക്കിടയിൽനിന്നുള്ള വിദ്യാർത്ഥികൾക്കിടയിൽത്തന്നെ ഈ സ്പെഷ്യൽഡ്രൈവ് നടത്തുന്നത്. കതിരിൽ വളംവച്ചിട്ട് കാര്യമില്ല. എന്തും തുടങ്ങേണ്ടത് കുടുംബത്തിൽ നിന്നാണ്. ഈ ബോധവത്കരണം നടത്തേണ്ടത് കുടുംബത്തിൽനിന്നാണ്. കുടുംബം നന്നായാൽ എല്ലാം നന്നാകുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും കർത്തവ്യം പഠനം മാത്രമാണ്. പഠനത്തിൽ എ പ്ലസ് നേടിയേക്കാം എന്നാൽ ജീവിതത്തിൽ ഈ ഉന്നതവിജയംകൊണ്ട് ഗുണം ഉണ്ടാകണമെങ്കിൽ ജീവിതത്തിലും എ പ്ലസ് നേടണമെന്നും അദ്ദഹം പറഞ്ഞു. കേരളകൗമുദി നടത്തുന്ന ബോധവത്കരണ പരിപാടിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും പി.വി. ബേബി പറഞ്ഞു.