prathi

കോലഞ്ചേരി: കാമുകിയുമായി വാട്സ് ആപ്പ് ചാറ്റ് നടത്തിയതിന് കാമുകനും കൂട്ടുകാരും ചേർന്ന് വടിവാൾ ആക്രമണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉൾപ്പെടെ നാലുപേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റുചെയ്തു. പോഞ്ഞാശേരി കാട്ടോളിപ്പറമ്പിൽ മുഹമ്മദ് യാസിൻ (20), മാറമ്പിള്ളി പള്ളിക്കവല മുണ്ടയ്ക്കൽ മുഹമ്മദ് നാസിം (21), തണ്ടേക്കാട് പൂവത്തിങ്കൽ മുഹമ്മദ് റാഫി (21) എന്നിവരെയാണ് അറസ്​റ്റ് ചെയ്തത്.

29ന് പട്ടിമ​റ്റം ഡബിൾപാലത്തിന് സമീപം രാത്രി 7.30 ഓടെയാണ് ആക്രമണമുണ്ടായത്. കേസിലെ പ്രതിയും മൂവാറ്റുപുഴയിലെ ഒരു സ്വകാര്യകോളേജിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കുവേണ്ടിയാണ് അക്രമം നടത്തിയത്. ഇതേ കോളേജിൽ പഠിക്കുന്ന കാമുകിക്ക് സഹപാഠിയായ മറ്റൊരു യുവാവ് വാട്സ് ആപ്പ് സന്ദേശമയച്ചതാണ് പ്രകോപനത്തിന് കാരണം. സംഭവദിവസം രാവിലെ ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീട് വൈകിട്ട് വാട്സ് ആപ്പ് സന്ദേശമയച്ച വിദ്യാർത്ഥിയും സുഹൃത്തും പട്ടിമറ്റത്ത് പോയി തിരിച്ച് പെരുമ്പാവൂർ ഭാഗത്തേയ്ക്ക് വരുന്നതിനിടയിൽ പ്രശ്നം പറഞ്ഞ് തീർക്കാനെന്ന പേരിൽ ഫോൺസന്ദേശമെത്തി. ഇവർ കാത്തുനിൽക്കുന്നതിനിടയിൽ രണ്ട് ബൈക്കുകളിലായി എത്തി അക്രമിസംഘം ഡബിൾപാലത്ത് വച്ച് ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിറുത്തി വടിവാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടി പരിക്കേല്പിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയുടെ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷപ്പെട്ട പ്രതികൾ വിവിധയിടങ്ങളിൽ ഒളിച്ച് താമസിക്കുന്നതിനിടയിലാണ് ഇന്നലെ പൊലീസ് പിടിയിലാകുന്നത്.

കുന്നത്തുനാട് ഇൻസ്‌പെക്ടർ വി.പി. സുധീഷ് , എസ്.ഐ എ.എൽ. അഭിലാഷ്, എ.എസ്.ഐ നൗഷാദ്, എസ്.സി.പി.ഒ ടി.എ. അഫ്‌സൽ, സി.പി.ഒമാരായ കെ.എ. സുബീർ, അനിൽകുമാർ, മിഥുൻ മോഹൻ, എം.ആർ. രാജേഷ്, പി.കെ. ശ്രീജിത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും റിമാൻഡ് ചെയ്തു.