തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ യുവജന ബോർഡ് കോ- ഓർഡിനേറ്റർ നിയമനം വീണ്ടും ത്രിശങ്കുവിൽ. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭാ യൂത്ത് കോ ഓർഡിനേറ്ററെ വോട്ടിംഗിലൂടെ തീരുമാനിക്കണമെന്ന പ്രതിപക്ഷ ആവശ്യം ചെയർപേഴ്സൺ അംഗീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് സ്വതന്ത്ര കൗൺസിലർ പി.സി.മനൂപ് ഉൾപ്പടെ ഇടത് കൗൺസിലർമാർ ഇറങ്ങിപ്പോയി. വിഷയത്തിൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകും.
കഴിഞ്ഞ മാസം ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭാ യൂത്ത് കോ ഓർഡിനേറ്റർ നിയമനത്തെച്ചൊല്ലി പ്രതിഷേധം ഉയരുകയും വിയോജനക്കുറിപ്പ് നൽകിയതോടെ അജണ്ട മാറ്റിവെക്കുകയുമായിരുന്നു.
കൂടിയാലോചനയില്ലാതെ വിഷയം വീണ്ടും അജണ്ടയിൽ കൊണ്ടുവന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാരായ വി.ഡി.സുരേഷ്, ജോസ് കളത്തിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്മിത സണ്ണി എന്നിവർ വിയോജനം രേഖപ്പെടുത്തി.
ഇടത് പക്ഷത്തിനൊപ്പം കോൺഗ്രസിലെ ഒരുവിഭാഗവും വിയോജനക്കുറിപ്പ് നൽകിയതോടെയാണ് നിയമനം വീണ്ടും പ്രതിസന്ധിയിലായത്. യു.ഡി.എഫിന്റെ 24 അംഗങ്ങളും എൽ.ഡി.എഫിന്റെ 18 അംഗങ്ങളും പങ്കെടുത്ത കൗൺസിൽ യോഗത്തിൽ യൂത്ത് കോ ഓർഡിനേറ്റർ സ്ഥാനം സംബന്ധിച്ച് അജണ്ട വോട്ടിനിടാൻ തയ്യാറാവാതിരുന്നത് യു.ഡി.എഫിന്റെ അംഗങ്ങളെ വിശ്വാസം ഇല്ലാതിരുന്നത് മൂലമാണന്ന് പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു പറഞ്ഞു. നഗരസഭയിൽ മരാമത്ത് വർക്കുകൾ കൃത്യസമയത്ത് കരാറുകാർ തീർക്കുന്നില്ലെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളംപള്ളി പറഞ്ഞു.
വാരിക്കോരിച്ചിറ പദ്ധതി അട്ടിമറിക്കുന്നത്
മുൻ.കൗൺസിലറുടെ ഭൂമി കൈയ്യേറ്റം കണ്ടെത്താതിരിക്കാൻ
വാരിക്കോരിച്ചിറ പുനരുദ്ധാരണ പദ്ധതി അട്ടിമറിക്കുന്നത് മുൻ.കൗൺസിലറുടെ ഭൂമി കൈയ്യേറ്റം കണ്ടെത്താതിരിക്കാനാണെന്ന് എൽ.ഡി.എഫ് കൗൺസിലർ കെ.എക്സ്. സൈമൺ ആരോപിച്ചു.1.25 ലക്ഷം രൂപ വിലവരുന്ന സ്ഥലം മുൻ കൗൺസിലർ അടക്കം അഞ്ചുപേർ കൈയ്യേറിയിട്ടുണ്ട്. വിഷയത്തിൽ നഗരസഭ കൃത്യമായി കേസ് നടത്തുന്നില്ലെന്നും അദ്ദേഹം കൗൺസിൽ യോഗത്തിൽ പറഞ്ഞു. വാരിക്കോരിച്ചിറ പുനരുദ്ധാരണം വൈകിയത്ത് മൂലം ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.