arif-mohammad-khan

കൊച്ചി: കേരള സർവകലാശാലാ വി.സി നിയമനത്തിനായി സെലക്‌ഷൻ കമ്മിറ്റിക്കു രൂപം നൽകിയ വിജ്ഞാപനം പിൻവലിക്കണമെന്ന് സെനറ്റ് ആവശ്യപ്പെട്ടത് നിയമ വിരുദ്ധമാണെന്നും കടുത്ത അവഹേളനമാണെന്നും ഗവർണർ ഹൈക്കോടതിയിൽ അറിയിച്ചു. സെനറ്റിലേക്ക് താൻ നോമിനേറ്റ് ചെയ്ത അംഗങ്ങൾ കൂടി ചേർന്നാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇവർ അധികാരപരിധി മറികടന്നു പ്രവർത്തിച്ചതിനാലാണ് പുറത്താക്കിയതെന്നും ചാൻസലറായ ഗവർണർ നൽകിയ വിശദീകരണത്തിൽ പറയുന്നു.

സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയതിനെതിരെ 15 അംഗങ്ങൾ നൽകിയ ഹർജിയിലാണിത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജികൾ ഇന്നു പരിഗണിക്കും. പുറത്താക്കിയവർക്കു പകരം പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത് നേരത്തെ കോടതി തടഞ്ഞിരുന്നു.

വി.സി നിയമനത്തിനായി യു.ജി.സിയുടെ പ്രതിനിധി കർണാടക കേന്ദ്ര സർവകലാശാല വി.സി പ്രൊഫ. ബട്ടു സത്യനാരായണ, ഗവർണറുടെ പ്രതിനിധി കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി എന്നിവരെ ഉൾപ്പെടുത്തി സെലക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് ആഗസ്റ്റ് അഞ്ചിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സെനറ്റിന്റെ നോമിനി കൂടി കമ്മിറ്റിയിൽ വേണമെന്നതിനാൽ പേരു നൽകാൻ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. സെനറ്റിന്റെ പ്രതിനിധിയെ ശുപാർശ ചെയ്യുന്ന മുറയ്ക്ക് ഉൾപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് വിജ്ഞാപനം ഇറക്കിയതെന്നും പ്രതിനിധിയെ നിശ്ചയിക്കാതെ വിജ്ഞാപനം പിൻവലിക്കാൻ സെനറ്റ് ആവശ്യപ്പെട്ടത് വീഴ്ചയാണെന്നും സ്റ്റേറ്റ്‌മെന്റിൽ പറയുന്നു. പ്രതിനിധിയെ ശുപാർശ ചെയ്യുന്നത് വൈകിപ്പിക്കാനായിരുന്നു ഇത്.

ഒക്ടോബർ 24നു വി.സിയുടെ കാലാവധി കഴിയുന്നതിനാൽ ജൂലായ് മുതൽ പുതിയ നിയമനത്തിനു നടപടി തുടങ്ങിയിരുന്നു. സെനറ്റിന്റെ പ്രതിനിധിയെ അറിയിക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ജൂലായ് 15ന് സെനറ്റ് യോഗം ചേർന്ന് പ്ളാനിംഗ് ബോർഡ് വൈസ് ചെയർപേഴ്‌സൺ ഡോ. വി.കെ. രാമചന്ദ്രനെ ശുപാർശ ചെയ്യാൻ തീരുമാനിച്ചെങ്കിലും അദ്ദേഹം അസൗകര്യമറിയിച്ചെന്ന് സർവകലാശാല രജിസ്ട്രാർ മറുപടി നൽകി. ഈ സാഹചര്യത്തിലാണ് ആഗസ്റ്റ് അഞ്ചിന് രണ്ടു പ്രതിനിധികളെ ഉൾപ്പെടുത്തി നോട്ടിഫിക്കേഷൻ ഇറക്കിയത്.

പുതിയ പ്രതിനിധിയെ കണ്ടെത്തുന്നതിനു പകരം ആഗസ്റ്റ് 20ന് സെനറ്റ് യോഗം ചേർന്ന് നോട്ടിഫിക്കേഷൻ പിൻവലിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്. സെപ്തംബർ 11ന് സെനറ്റ് യോഗം വിളിച്ചെങ്കിലും ക്വോറം തികയാത്തതിനാൽ തീരുമാനമെടുക്കാനായില്ലെന്ന് രജിസ്ട്രാർ മറുപടി നൽകി. തുടർന്നാണ് ചാൻസലർ നോമിനേറ്റ് ചെയ്ത 15 അംഗങ്ങളിലുള്ള പ്രീതി പിൻവലിച്ച് ഉത്തരവു നൽകിയതെന്നും പത്രികയിൽ പറയുന്നു.