തൃക്കാക്കര: ജില്ലാ ആസ്ഥാനമായ കാക്കനാട് രാത്രികാല തട്ടുകടകളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം വരുന്നു. തൃക്കാക്കര മേഖലയിലെ ചില തട്ടുകടകൾ കേന്ദ്രീകരിച്ച് ലഹരി വില്പനയുണ്ടെന്ന ആക്ഷേപത്തെ തുടർന്നാണ് നഗരസഭാ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നത്. രാത്രികാല അപകടങ്ങൾ പെരുകുന്നതായുള്ള റിപ്പോർട്ടുകളും നഗരസഭയെ നടപടിക്ക് പ്രേരിപ്പിക്കുന്നുണ്ട്. അടുത്ത കൗൺസിൽ യോഗത്തിൽ രാത്രികാല തട്ടുകടകളുടെ പ്രവർത്തന സമയം നിയന്ത്രണം സംബന്ധിച്ച് ചർച്ച ചെയ്തശേഷമാവും തീരുമാനിക്കുക. കോളേജുകളുടെ സമീപത്തെ കടകളിൽ പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നതായും ചില സ്ഥലങ്ങളിൽ പുകവലിക്കാൻ കടയുടമതന്നെ സൗകര്യം ഒരുക്കുന്നതായും തൃക്കാക്കരയിലെ പ്രമുഖ കോളേജ് പ്രിൻസിപ്പൽ അടുത്തിടെ പൊലീസിൽ പരാതി നൽകിയിരുന്നു.