പറവൂർ: ദേശീയപാത 66 മൂത്തകുന്നം - ഇടപ്പിള്ളി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെയും ഹൈബി ഈഡൻ എം.പിയുടെയും നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. നിലവിലുള്ള പതിനാറ് അണ്ടർ പാസുകൾ കൂടാതെ പതിനാല് സ്ഥലങ്ങളിൽ കൂടി അണ്ടർ പാസ് വേണമെന്ന് ദേശീയപാത അധികൃതരോട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
നിർദേശിച്ച പതിനാല് അണ്ടർ പാസുകൾക്കു നൂറ് മീറ്റർ സമീപത്തായി യഥാർത്ഥ അലൈൻമെന്റിൽ അണ്ടർപാസ് ഉണ്ടെങ്കിൽ നിർദേശങ്ങൾ മാത്രമേ ഒഴിവാക്കാവൂവെന്ന് നിർദേശിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കുന്നുണ്ടെന്ന് ദേശീയപാതാ അധികൃതർ അറിയിച്ചു. നിലവിൽ ഇടപ്പള്ളി കവലയിൽ നിന്ന് അരൂർ വരെ നാൽപത്തിയഞ്ച് മീറ്റർ റോഡ് ഉണ്ടെങ്കിലും നാലുവരി പാതയാണ്. പുതുതായി മൂത്തകുന്നത്ത് നിന്ന് ഇടപ്പിള്ളി വരെ നിർമിക്കുന്നത് ആറുവരിയും ഇടപ്പള്ളി - അരൂർ റോഡ് ആറുവരി ആക്കുകയോ ഇവിടെ എലിവേറ്റഡ് ഹൈവേ നിർമിക്കുകയോ ചെയ്യണമെന്ന് ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടെന്നും അവർ അത് അംഗീകരിച്ചിട്ടുണ്ടെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. ദേശീയപാത കടന്നുപോകുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തങ്ങളുടെ നിർദേശങ്ങളും നൽകിയിട്ടുണ്ട്. നിർമാണം ഏറ്റെടുത്ത ഓറിയന്റൽ സ്ട്രക്ചറൽ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.