ആലുവ: ചൊവ്വരയിൽ വാടകയ്ക്ക് താമസിക്കുന്ന ആന്ധ്രാ സ്വദേശിനിയും ഭിന്നശേഷിക്കാരിയുമായ അലമേലുവിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 79 -ാം പിറന്നാൾ സമ്മാനമായി വീട് നിർമ്മിച്ച് നൽകും. ഉമ്മൻചാണ്ടി നേരത്തെ നൽകിയ വാഗ്ദാനമാണ് പ്രവർത്തകർ നടപ്പിലാക്കുന്നത്.
വീട് നിർമ്മിക്കുന്നതിനായി ശ്രീമൂലനഗരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. സെബാസ്റ്റ്യന്റെ സഹോദരൻ ഫ്രാൻസിസ് വടക്കുംചേരി സൗജന്യമായി നൽകിയ മൂന്നുസെന്റ് സ്ഥലത്തിന്റെ ആധാരം ഇന്നലെ ആലുവ പാലസിൽ നടന്ന ചടങ്ങിൽ ഉമ്മൻചാണ്ടി അലമേലുവിനും മകൾ ജ്യോതിക്കും കെെമാറി. ഇനി 'അമ്മക്കിളിക്കൂട്' പദ്ധതിയിൽപ്പെടുത്തി അൻവർ സാദത്ത് എം.എൽ.എ വീട് നിർമ്മിച്ച് നൽകും. ശ്രീമൂലനഗരത്ത് പ്രളയത്തിൽ വീടുതകർന്ന യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിപിൻദാസിന് പാർട്ടി നിർമ്മിച്ച് നൽകിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ വച്ചാണ് അലമേലു വീടിന്റെ കാര്യം ഉമ്മൻചാണ്ടിയോട് അഭ്യർത്ഥിച്ചത്.
നടപടി സ്വീകരിക്കാമെന്ന് ഉമ്മൻചാണ്ടി ഉറപ്പ് നൽകുകയും ചെയ്തു. സ്ഥലം കണ്ടെത്തിയാൽ അമ്മക്കിളിക്കൂട് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകാമെന്ന് എം.എൽ.എയും ഉറപ്പ് നൽകിയിരുന്നു.
ജെബി മേത്തർ എം.പി, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, പി.എൻ. ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ, ലിന്റോ പി. ആന്റു, കെ.എൻ. കൃഷ്ണകുമാർ, കെ.എ. ജോണി, പി.സി. സുരേഷ്‌കുമാർ, പി.കെ. സിറാജ്, വി.എം. ഷംസുദീൻ, മഞ്ചു നവാസ്, ടി.ബി. റഷീദ്, ഹസീം ഖാലിദ്, സുരേഷ് കുളങ്ങര, ജിനാസ് ജബ്ബാർ, സ്ഥലം നൽകിയ വ്യക്തിയുടെ സഹോദരങ്ങളായ ജോസഫ്, ആന്റണി, ജോയി എന്നിവർ പങ്കെടുത്തു.