terror

ശ്രീനഗർ: കാശ്മീർ താഴ്‌വര അസ്ഥിരമാണെന്ന് തെളിയിക്കാൻ ശീതകാലത്തിനു മുമ്പേ കഴിയുന്നത്ര തീവ്രവാദികളെ കാശ്മീരിലെത്തിക്കാൻ പാകിസ്ഥാൻ ചാര സംഘടനയായ ഐ.എസ്.ഐ ശ്രമിക്കുന്നതായും ഇതിന്റെ ഭാഗമാണ് ഉദ്ധംപൂരിൽ സ്‌ഫോടനങ്ങളെന്നും ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാശ്മീരിനെ കൂടുതൽ അക്രമാസക്തമാക്കാൻ പാകിസ്ഥാൻ ആയുധങ്ങളും വെടിമരുന്നുകളും എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ന്യൂഡൽഹിയിൽ നിന്നുള്ള നേതൃത്വത്തെ പ്രദേശവാസികൾ അംഗീകരിക്കുന്നില്ലെന്ന് അറിയിക്കാനാണ് അക്രമങ്ങളെന്നും സൂചനയുണ്ട്.

ശ്രീനഗറിലും പരിസര പ്രദേശങ്ങളിലുമായി ഏകദേശം 300 ചെറു ആയുധങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കാശ്മീർ സന്ദർശിക്കാനിരിക്കെ ഉദ്ധംപൂരിൽ നടന്ന ഇരട്ട സ്ഫോടനങ്ങൾക്കു പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബയാണെന്ന് ജമ്മു കാശ്മീർ പൊലീസ് പറഞ്ഞു.

സെപ്തംബർ 28ന് രാത്രി ഉദ്ധംപൂരിലുണ്ടായ സ്ഫോടനത്തെ തുടർന്ന് പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത അഞ്ച് പേരിൽ ഒരാളായ അസ്‌ലം ഷെയിക്ക് സ്ഫോടനത്തിൽ പങ്കുള്ളതായി സമ്മതിച്ചു. ലഷ്‌കർ ഇ ത്വയിബ ഭീകരൻ മുഹദ് അമിൻ ഭട്ട് ബസന്ത് ഗർഹിലെ അസ്‌ലം ഷെയിക്കുമായി ബന്ധപ്പെടുകയും അമിത് ഷാ സന്ദർശനം നടത്തുന്നതിനു മുമ്പ് സ്ഫോടനം നടത്താൻ ആസൂത്രണം നടത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ മൊഴി പ്രകാരം അഞ്ച് ഐ.ഇ.ഡികളും സ്റ്റിക്കി ബോംബുകളും പൊലീസ് കണ്ടെടുത്തു.