exibition

തിരുവനന്തപുരം: പെരിയാറിലെ ഒറ്റയാൻ,ആനമുടിയിലെ വശ്യസുന്ദരിയായ സന്ധ്യ,അന്റാർട്ടിക്കയിലെ മഞ്ഞിൽ അടികൂടുന്ന പെൻഗ്വിനുകൾ... ബാലൻ മാധവൻ എന്ന വന്യജീവി ഫോട്ടോഗ്രാഫർ ഒപ്പിയെടുത്ത ചിത്രങ്ങൾ കണ്ണിലും മനസിലും ഒരുപോലെ പതിയും. സംസ്ഥാന വനംവകുപ്പ് വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന വന്യജീവി ഫോട്ടോഗ്രഫി എക്‌സിബിഷനിലാണ് ബാലൻ മാധവന്റെ ചിത്രങ്ങൾ മനം കവരുന്നത്. 35 വർഷമായി ഫോട്ടോഗ്രഫി ജീവിതത്തിന്റെ ഭാഗമാണ് ബാലൻ മാധവന്. അച്ഛൻ വനം വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട്. കാടിനോട് ഒരു പ്രത്യേക ഇഷ്ടം ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു. ബാങ്കിൽ ജോലി ലഭിച്ച ശേഷമാണ് ആദ്യമായി കാമറ വാങ്ങുന്നത്. ബാങ്ക് ഉദ്യോഗവും ഫോട്ടോഗ്രഫിയും ഒന്നിച്ചു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകൊണ്ട് 2001ൽ ജോലി രാജിവച്ചു. ചില ചിത്രങ്ങൾ പകർത്താൻ ജീവൻ പോലും പണയംവച്ച് യാത്ര ചെയ്‌ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. പതിനായിരത്തിലേറെ ചിത്രങ്ങൾ ഇതിനോടകം പകർത്തിയ ബാലൻ മാധവന് ഇനിയുള്ള കാലം ഫോട്ടോഗ്രഫി അദ്ധ്യാപനത്തിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കാനാണ് താത്പര്യം .

മഞ്ഞണിഞ്ഞ പ്രകൃതിയും ആഫ്രിക്കയിലെ അരയന്നപ്പടയും

വിവിധ രാജ്യങ്ങളിലെ മായക്കാഴ്‌ചകൾ ബാലൻ മാധവൻ പകർത്തിയിട്ടുണ്ട്.ഏറ്റവും അത്ഭുതപ്പെടുത്തിയ ഭൂഖണ്ഡം, മഞ്ഞണിഞ്ഞ അന്റാർട്ടിക്കയാണ്. പ്രകൃതി ഭംഗിക്ക് പച്ച എന്ന വാക്കല്ലാതെ മറ്റൊരു നിർവചനം ഉണ്ടെന്ന് അന്റാർട്ടിക്ക തെളിയിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. പകർത്തിയ ഫോട്ടോകളിൽ ഏറെ പ്രിയപ്പെട്ടത് കെനിയയിലെ അരയന്നങ്ങളുടെ പദയാത്രയാണ്. ഏകദേശം അമ്പതിനായിരത്തിലേറെ അരയന്നങ്ങൾ ഒരു റൂട്ട് മാർച്ചിൽ എന്നപോലെ നടക്കുമ്പോൾ കൂട്ടം തെറ്റി മാറി നടക്കുന്ന അഞ്ച് അരയന്നങ്ങളുടെ ചിത്രം മറക്കാനാവാത്ത ഓർമ്മയാണ്. നേപ്പാളിൽ ഇന്ത്യൻ റൈനോയുടെ ആക്രമണത്തിൽ മരണം മുഖാമുഖം കണ്ട അനുഭവവും ഉണ്ടായിട്ടുണ്ട്.

'ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് സംഭവിക്കുന്നതാണ് ഓരോ നല്ല ചിത്രവും. നല്ല രീതിയിൽ തയ്യാറെടുപ്പ് നടത്തിയാൽ അവസരങ്ങളും ഭാഗ്യവും പിന്നാലെ വന്നോളും.'

ബാലൻ മാധവൻ