1

തിരുവനന്തപുരം: ബൈക്ക് വൃത്തിയാക്കുന്നതിനിടെ ചെയിനിനിടയിൽ പെട്ട് അറ്റുപോയ വിരലുകൾ തിരുവനന്തപുരം എസ്.കെ ആശുപത്രിയിൽ റീ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേർത്തു. പാരിപ്പള്ളി പള്ളിക്കൽ സ്വദേശി അഖിനേഷിന്റെ (19) വിരലുകളാണ് എസ്.കെ ആശുപത്രിയുടെ പ്ലാസ്റ്റിക് ആൻഡ് മൈക്രോ വാസ്കുലാർ വിഭാഗത്തിൽ തുന്നിച്ചേർത്തത്. അറ്റുപോയ വിരലുകളുടെ ഭാഗങ്ങൾ ചതഞ്ഞ് പോയതിനാൽ 50 ശതമാനം മാത്രമേ വിജയ പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ. അതിസൂക്ഷമമായ ചാനലുകൾ ഉപയോഗിച്ച് നടത്തുന്ന ശസ്ത്രക്രിയയാണ് റീ ഇംപ്ലാന്റേഷൻ. നടുവിരൽ റീ പ്ലാന്റ് ചെയ്തു. റീ പ്ലാന്റ് ചെയ്യാൻ കഴിയാത്ത വിധം രക്തക്കുഴലുകൾ നശിച്ച ചൂണ്ടുവിരൽ റീ കൺസ്ട്രക്ടീവ് സർജറിയിലൂടെ പുനർനിർമ്മിക്കുകയായിരുന്നു. പത്ത് മണിക്കൂറോളമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

പ്ലാസ്റ്റിക് സർജൻ ഡോ.ശ്രീലാൽ, ഡോ.ശരണ്യ, ഡോ.രഞ്ജിത്ത്, ഡോ.കുക്കു, ഡോ.ഹരികുമാ‌ർ, നഴ്സുമാരായ സുപ്രിയ,ബിൻസി,ബിൻസ​ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. അറ്റുപോയ ശരീരഭാഗങ്ങൾ ഐസിലോ വെള്ളത്തിലോ നേരിട്ട് വയ്ക്കാതെ വൃത്തിയുള്ള കവറിലാക്കി കെട്ടിയ ശേഷം കവറിന് പുറത്തായി ഐസ് വയ്ക്കുക. ആറ് മണിക്കൂറിനുള്ളിൽ രക്തയോട്ടം പുനസ്ഥാപിക്കാൻ കഴി‌ഞ്ഞാൽ ശസ്ത്രക്രിയയ്ക്ക് വിജയസാദ്ധ്യത കൂടുതലാണ്.