വെല്ലിംഗ്ടൺ: കൊവിഡ്-19മായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ നിലനിൽക്കുന്നത് മൂലം ന്യൂസിലൻഡിൽ പഠനത്തിന് ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ന്യൂസിലൻഡ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ന്യൂസിലൻഡ് വിദേശകാര്യമന്ത്രി നനയ മഹുതയോട് അഭ്യർത്ഥിച്ചു. ന്യൂസിലൻഡിൽ ഐ.ടി, സയൻസ്-എൻജിനിയറിംഗ്, ആർക്കിടെക്ചർ തുടങ്ങി വിവിധ കോഴ്സുകൾ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്തോ-പസഫിക് മേഖലയിലെ പ്രശ്നങ്ങൾ, യുക്രെയിൻ-റഷ്യ യുദ്ധം തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തതു കൂടാതെ കോമൺവെൽത്ത്, യു.എൻ തുടങ്ങി വിവിധ ഫോറങ്ങളിൽ ഒരുമിച്ച് നീങ്ങുന്നതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.
മലയാളിയായ മന്ത്രി പ്രിയങ്ക രാധാകൃഷ്ണനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ന്യൂസിലൻഡിൽ ജയശങ്കർ നടത്തുന്ന ആദ്യസന്ദർശനമാണിത്.
ഇന്ന് പ്രധാനമന്ത്രി ജസീന്ത ആർഡനുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ന്യൂസിലൻഡ് പുറത്തിറക്കുന്ന സ്റ്റാമ്പ് പ്രകാശന ചടങ്ങിലും വിശിഷ്ട സേവനം നടത്തിയ ഇന്ത്യക്കാരെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുക്കും. 'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി" എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത് കൂടാതെ സിക്ക് സമുദായവുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗാഢബന്ധം പ്രതിപാദിക്കുന്ന 'ഹാർട്ട്ഫെൽട്ട്-ദ ലെഗസി ഒഫ് ഫെയ്‌ത്ത്" എന്ന പുസ്തകവും പ്രകാശനം ചെയ്യും.
തുടർന്ന് ഇന്ത്യൻ വംശജരുമായി സംവാദം നടത്തുന്ന അദ്ദേഹം ഇന്ത്യൻ ഹൈകമ്മിഷന്റെ പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്യും. രണ്ടര ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ന്യൂസിലൻഡിലുള്ളത്.
സൗത്ത് ചൈന കടലിലെ ചൈനയുടെ സൈനിക ഇടപെടലുകളും ചർച്ചയായി. സൗത്ത് ചൈന കടലിലെ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കെ പൂർണമായും ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് ചൈന നടത്തുന്നതെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. തായ‌്‌വാൻ, ഫിലിപ്പീൻസ്, ബ്രൂണെ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ നീക്കത്തോട് യോജിക്കുന്നില്ല. സൗത്ത് ചൈന കടലിൽ കൃത്രിമ ദ്വീപുകൾ നിർമ്മിച്ച് സൈനിക താവളങ്ങൾ നിർമ്മിക്കുകയാണ് ചൈന. കിഴക്കൻ ചൈന കടലിൽ ജപ്പാനുമായുള്ള തർക്കവും നിലനിൽക്കുകയാണ്.
ന്യൂസിലൻഡ് വിദേശകാര്യ സഹമന്ത്രി അപിതോ വില്യം സിയോയുമായും ജയശങ്കർ ചർച്ച നടത്തി. ന്യൂസിലൻഡിലും ഒാസ്ട്രേലിയയിലുമായി ഒരാഴ്ച സന്ദർശത്തിനാണ് ജയശങ്കർ ഇന്നലെ എത്തിയത്. ഒാസ്ട്രേലിയയിൽ സിഡ്നിയിലും കാൻബെറയിലും അദ്ദേഹം എത്തും.