photo

പാലോട്: ഒരു നാടിന്റെ സ്വപ്ന പദ്ധതിയായ പാലോട് ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റിന്റെ പദ്ധതി പ്രഖ്യാപനം നടന്നിട്ട് ഇന്നേക്ക് 7 വർഷം കഴിഞ്ഞിരിക്കുന്നു. യൂണിറ്റിനായി താത്കാലിക കെട്ടിടം നിർമ്മിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ തുറന്നിട്ടില്ല.

സ്ഥലം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ പാലോട് സർക്കാർ ആശുപത്രിക്ക് സമീപം അര ഏക്കർ സ്ഥലം ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി വിട്ടുനൽകിയെങ്കിലും താത്കാലിക ഷെഡുകളുടെ നിർമ്മാണം മാത്രമാണ് നടന്നത്. 2015ൽ പട്ടികവർഗ വികസന ഡയറക്ടർ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് അനന്തമായി നീളുന്നത്. സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിൽ മാത്രമേ ഫയർസ്റ്റേഷൻ തുടങ്ങാൻ കഴിയൂവെന്ന വകുപ്പിന്റെ നിലപാടിനെ തുടർന്ന് ഡി.കെ.മുരളി എം.എൽ.എ മുൻകൈയെടുത്ത് സ്ഥലം ലഭ്യമാക്കിയിരുന്നു.

നിലവിൽ, അത്യാഹിതങ്ങൾ സംഭവിച്ചാൽ നെടുമങ്ങാട് നിന്നോ വിതുരയിൽ നിന്നോ ഉള്ള ഫയർഫോഴ്സ് യൂണിറ്റാണ് ഇവിടെ എത്തുന്നത്. ഫയർഫോഴ്സ് യൂണിറ്റ് മന്ദിരനിർമ്മാണം നീണ്ടതോടെ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. പ്രകൃതി ദുരന്തങ്ങൾക്ക് സാദ്ധ്യതയേറിയ പ്രദേശമായതിനാൽ തന്നെ ഫയർ സ്റ്റേഷൻ ആവശ്യമാണെന്നും ഇതിനുള്ള നടപടികൾ സർക്കാർ തലത്തിൽ അടിയന്തരമായി സ്വീകരിക്കണമെന്നും 2019 ൽ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ജെ.ബി.കോശി നിർദ്ദേശം നൽകിയെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല.