
തിരുവനന്തപുരം: രാജ്യത്താദ്യമായി ദ്വിദിന ദേശീയ ആയോധന കലാമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി.നരുവാമൂട് ട്രിനിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടന്ന ചടങ്ങ് ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ട്രിനിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ.തോമസ് അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക, ഐ.കെ.എസ് സെന്റർ ഫോർ കളരിപ്പയറ്റ് കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഡോ.എസ്.മഹേഷ് ഗുരുക്കൾ,ട്രിനിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ.അരുൺ സുരേന്ദ്രൻ,സുചിത്ര മധുസൂദനൻ, വാർഡ് മെമ്പർമാരായ മുക്കുനട സജികുമാർ, സുജാത തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ നോളെഡ്ജ് സിസ്റ്റം, തിരുവനന്തപുരത്തെ അഗസ്ത്യം കളരി, ട്രിനിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് എന്നിവരാണ് രാജ്യത്തെമ്പാടുമുള്ള ആയോധന കലാരൂപങ്ങൾ മാറ്റുരയ്ക്കുന്ന മേളയുടെ സംഘാടകർ. കേന്ദ്ര സാംസ്‌കാരിക- വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, ആയുഷ് വകുപ്പ്, ആസാദി കാ അമൃത് മഹോത്സവ് എന്നിവരും പിന്തുണ നൽകുന്നുണ്ട്. കേരളത്തിന്റെ തനതായ കളരിപ്പയറ്റ്,പഞ്ചാബിലെ ഗട്കാ, മഹാരാഷ്ട്രയിലെ മർദാനി ഖേൽ, മൽഖമ്പ്, തമിഴ്നാട്ടിലെ ശിലമ്പ്, ഗോത്ര മേഖലകളിൽ നിന്നുള്ള അമ്പെയ്ത്ത് , യോഗ തുടങ്ങി വിവിധ ഇനം ആയോധന കലകൾ മേളയിൽ കാഴ്ചവച്ചു. ട്രിനിറ്റി കോളേജിന് പുറമേ നേമത്തെ അഗസ്ത്യം കളരി, നിശാഗന്ധി ഓഡിറ്റോറിയം എന്നിവിടങ്ങളാണ് മേളയുടെ പ്രധാന വേദികൾ.