തിരുവനന്തപുരം: ബഫർസോണുകൾ നിശ്ചയിക്കുന്നത് വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനാണെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. മ്യൂസിയം മൃഗശാല വകുപ്പ് ഒക്ടോബർ രണ്ട് മുതൽ ഒരുക്കിയ വന്യജീവി വാരാഘോഷത്തിന്റെ സമാപന സമ്മേളനം മ്യൂസിയം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളടക്കം ബഫർസോൺ പരിധി കുറയ്ക്കണമെന്നാണ് ചർച്ചകളിൽ ആവശ്യപ്പെടുന്നത്. വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യർ കൈകടത്തുന്നിടത്താണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും ഭൂമി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നും വി.കെ. പ്രശാന്ത് പറഞ്ഞു. വാരാഘോഷത്തിന്റെ ഭാഗമായി 800ഓളം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തിയ പെയിന്റിംഗ്, ക്വിസ്, ഡിബേറ്റ് തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും പരിപാടിയിൽ നടന്നു. മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ്. അബു, ഡബ്ല്യു.ഡബ്ല്യു.എഫ് സ്റ്റേറ്റ് ഡയറക്ടർ രഞ്ജൻ മാത്യു, യൂണിവേഴ്സിറ്റി കോളേജ് സുവോളജി ‌ഡിപ്പാർട്ട്മെന്റ് റിട്ട. പ്രൊഫസർ ഇ. കുഞ്ഞിക്കൃഷ്ണൻ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സുരേഷ് ഇളമൺ, മൃഗശാല സൂപ്രണ്ട് വി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.