 
തിരുവനന്തപുരം: അമ്പെയ്യുമ്പോൾ എഴുപതാംവയസിലും വയനാട് അമ്പലവയൽ സ്വദേശി ഗോവിന്ദന് കൈ വിറയ്ക്കില്ല, ഉന്നം തെറ്റില്ല. പ്രായത്തെ തോൽപ്പിക്കുന്ന ആവേശവും മനസാന്നിദ്ധ്യവും കൈമുതലാക്കിയ വയനാടൻ ദ്രോണാചാര്യർക്ക് എത്ര ദൂരത്തിലുള്ള ലക്ഷ്യത്തിലും അമ്പെയ്യാനാവും. ആവനാഴിയിൽ അമ്പുകളും അനുഭവസമ്പത്തുമായി നേമത്ത് നടക്കുന്ന ദേശീയ ആയോധന കലാമേളയിൽ ഗോവിന്ദൻ എത്തിയപ്പോൾ കാഴ്ചക്കാർക്ക് കൗതുകമായി. നേമം അഗസ്‌ത്യം കളരിയിൽ നടന്ന ദേശീയ ആയോധന കലാമേളയിലാണ് പ്രായത്തെ തോൽപ്പിച്ച് ഉന്നം തെറ്റാതെ അമ്പെയ്യുന്ന ഗോവിന്ദൻ കൗതുകമാകുന്നത്. നായാട്ടിൽ അഗ്രഗണ്യരായ മുള്ളു കുറുമ ഗോത്രത്തിൽ ജനിച്ച ഗോവിന്ദൻ അമ്പും വില്ലും എടുത്തത് അഞ്ചാംവയസിലാണ്. ധനുർവേദത്തിലെ വില്ല്, കൽമഴുക്, ഉടയായുധം, ബ്രിട്ടനിലെ ആദിവാസികൾ ഉപയോഗിച്ചിരുന്ന മൂവായിരം വർഷം പഴക്കമുള്ള അത്ലറ്റ്, മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന തോക്ക് തെറ്റാലി തുടങ്ങിയവയുടെ ശേഖരം ഗോവിന്ദന്റെ പക്കലുണ്ട്. തായ് വഴിയിൽ നിന്ന് ലഭിച്ചത് കൂടാതെ വിദേശനിർമ്മിത അമ്പിന്റെ തനിപ്പകർപ്പ് ഉണ്ടാക്കാനും സാമർത്ഥ്യമുണ്ട്. സ്പെയിൻ, പോളണ്ട്, ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇദ്ദേഹത്തെ തേടി എത്തുന്ന ശിഷ്യന്മാർ നിരവധിയാണ്. ഇടയ്‌ക്കൽ ഗുഹയിൽ നായാട്ടിന് പോയിരുന്ന പിതാവ് മാധവനെയും നാല് അമ്പ് ഒന്നിച്ചെയ്യുന്ന ചെറുമകൻ മിഥുനെയും കുറിച്ച് പറയുമ്പോൾ ആയിരം നാവാണ് ഗോവിന്ദന്.
 പെൺകുട്ടികൾ ഒരു പടി മുന്നിൽ
അസ്ത്ര വിദ്യയിൽ ആൺ പെൺ ഭേദമില്ലെന്നാണ് ഗോവിന്ദന്റെ പക്ഷം. മാത്രമല്ല, പെൺകുട്ടികൾ ഒരുപടി മുന്നിലാണെന്നാണ് അദ്ദേഹം പറയുന്നത്. പെൺകുട്ടികൾ അധികബലം പ്രയോഗിക്കാതെ അമ്പെയ്യുന്നതിനാൽ
ലക്ഷ്യം കാണാൻ എളുപ്പമാണ്. സ്വഭാവ രൂപീകരണത്തിനും ഏകാഗ്രതയ്‌ക്കും എല്ലാവരും അമ്പെയ്‌ത്ത് പഠിച്ചിരിക്കണം എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
 'ലോകത്തിലെ ആദ്യത്തെ ആയുധങ്ങളിൽ ഒന്നായ അമ്പും വില്ലും മഹത്തായ ഒരു സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ചിഹ്നമാണ്. ഈ കലയെ ഭരണാധികാരികൾ വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കുന്നില്ല. അധികൃതർ കൂടുതൽ പരിഗണന നൽകിയാൽ ഒളിമ്പിക്‌സ് ഉൾപ്പടെയുള്ള വേദികളിൽ ഇന്ത്യയ്ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകും.
ഗോവിന്ദൻ