തിരുവനന്തപുരം: ഉരുക്ക് മുഷ്ടികളും ദൃഢമായ പേശികളും വടിവൊത്ത ശരീരവുമായി കേരള പൊലീസിലെ മല്ലന്മാർ അണിനിരന്ന സൗന്ദര്യ മത്സരത്തിൽ 85 കിലോ വിഭാഗത്തിൽ മത്സരിച്ച ശ്രീജിത്ത് ബി.ടി മിസ്റ്റർ കേരള പൊലീസായി. കെ.എ.പി രണ്ടാം ബറ്റാലിയനിലെ പൊലീസ് കോൺസ്റ്റബിളാണ് ശ്രീജിത്ത്. കഴിഞ്ഞ വർഷവും ഇദ്ദേഹം തന്നെയായിരുന്നു വിജയി. കിഴക്കേക്കോട്ട ഗാന്ധിപാർക്കിൽ നടന്ന മിസ്റ്റർ കേരള പൊലീസ് 2022 സൗന്ദര്യ മത്സരം ഡി.ജി.പി അനിൽ കാന്ത് ഉദ്ഘാടനം ചെയ്തു.

55 കിലോ മുതൽ 90 കിലോ വരെയുള്ള വിഭാഗങ്ങളിലായി കേരള പൊലീസിലെ നിരവധി മത്സരാർത്ഥികളാണ് പങ്കെടുത്തത്. അത്യധികം ആവേശഭരിതമായ മത്സരത്തിൽ കൂട്ടത്തിൽ കേമനെ കണ്ടെത്താൻ വിധി കർത്താക്കൾ പണിപെട്ടു. മല്ലൻമാർ സ്റ്റേജിൽ കയറുമ്പോൾ തന്നെ തങ്ങൾക്കിഷ്ടപ്പെട്ട മത്സരാർത്ഥികൾക്ക് വേണ്ടി കൈയടിച്ചും ആർപ്പുവിളിച്ചും ചെറുപ്പക്കാർ മത്സരം ആവേശഭരിതമാക്കി. 90 കിലോ വിഭാഗത്തിൽ ബാസിത്ത് അൻവർ ചാമ്പ്യനായപ്പോൾ സൂരജ് സുഗുണൻ രാണ്ടാം സ്ഥാനം നേടി. 85 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം ശ്രീജിത്തും, രണ്ടാം സ്ഥാനം ദീപുവും നേടി. 80 കിലോ വിഭാഗത്തിൽ അഖിൽനാഥും ജയപ്രകാശും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 75 കിലോ വിഭാഗത്തിൽ ധയാൽ, വിജേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. 70 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം ദേവാനന്ദും, രണ്ടാം സ്ഥാനം സുദേവും നേടി. 65കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഷിജുവും, രണ്ടാം സ്ഥാനം റോബിൻ ജോർജ്ജും സ്വന്തമാക്കി. 60കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം സ്നേഹലാൽ, രണ്ടാം സ്ഥാനം സന്ദീപ് എന്നിവരും 55 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഷിബു, രണ്ടാം സ്ഥാനം വിജിത്ത് എന്നിവരും സ്വന്തമാക്കി.

വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, റൂറൽ എസ്.പി ഡി.ശിൽപ, കമ്മിഷണർ സ്പർജൻ കുമാർ, സൗത്ത് സോൺ ഐ.ജി പി.പ്രകാശ് എന്നിവർ വിജയികൾക്ക് സമ്മാനം നൽകി.