തിരുവനന്തപുരം: കേരള പൊലീസിന്റെ ആത്മാഭിമാനം ഉയർത്തുന്ന പ്രവർത്തനങ്ങൾ നടത്തിയത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴാണെന്ന് മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് . കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ തൈക്കാട് പൊലീസ് ട്രെയ്നിംഗ് കോളേജിൽ ഒരുക്കിയ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാരുടെ പ്രവർത്തനങ്ങളും പൊതുജനബന്ധവും മികവുറ്റതാക്കിയതും കോടിയേരിയാണ്. ചെയ്ത നല്ലകാര്യങ്ങൾ വിളിച്ചുപറഞ്ഞുനടക്കുന്ന ആളായിരുന്നില്ല അദ്ദേഹമെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു. കേരള പൊലീസിലെ ഏറ്റവും മുതിർന്ന പെൻഷണറായ അപ്പുക്കുട്ടൻ നായരെ (99)​ ജേക്കബ് പുന്നൂസ് ആദരിച്ചു. പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അനിൽ തമ്പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജൻ,​ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ട‌ർ പ്രൊഫ.വി. കാർത്തികേയൻ നായർ തുടങ്ങിയവർ സംസാരിച്ചു.