
തിരുവനന്തപുരം: കോഴിയെ മോഷ്‌ടിച്ചത് പൊരിച്ച് തിന്നാനും, തുണി മോഷ്‌ടിച്ചത് കാണുന്നവരുടെ നാണം മാറ്രാനും... നിഷ്‌കളങ്കമായി നിരപരാധിത്വം സ്ഥാപിക്കാൻ ശ്രമിച്ച അയ്യപ്പപ്പണിക്കരുടെ മോഷണം എന്ന കവിതയിലെ കള്ളനെ അത്ര പെട്ടെന്നൊന്നും മലയാളി മറക്കില്ല. വർഷങ്ങൾക്ക് മുമ്പ് നെടുമുടി വേണുവും കാവാലം നാരായണപ്പണിക്കരും ചേർന്ന് ഈ കവിത വേദിയിൽ അവതരിപ്പിച്ചിരുന്നു. നെടുമുടി വേണു ഓർമ്മയായിട്ട് ഒരു വർഷം തികയാറായ വേളയിൽ അദ്ദേഹത്തിന്റെ വട്ടിയൂർക്കാവ് തിട്ടമംഗലത്തെ തമ്പ് എന്ന വീട്ടിൽ മോഷണത്തിലെ കള്ളനെ പുനരാവിഷ്‌കരിക്കുകയാണ് കാവാലം സംസ്‌കൃതി. ബുധനാഴ്ച വൈകിട്ട് 5നാണ് 'കള്ളൻ' ചൊൽക്കാഴ്ച അവതരിപ്പിക്കുന്നത്.
'തമ്പിൽ പൂരം' എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ പാട്ടുകളും, നാടകശകലങ്ങളും അവതരിപ്പിക്കും. നാടക - സിനിമാനടനായ കൃഷ്‌ണൻ ബാലകൃഷ്‌ണനാണ് 15 മിനിട്ട് ദൈർഘ്യമുള്ള കള്ളന്റെ ചൊൽക്കാഴ്ചയുടെ ഏകോപനം നിർവഹിക്കുന്നത്. ചൊവ്വാഴ്ചയാണ് നെടുമുടി വേണു ഓർമ്മയായിട്ട് ഒരു വർഷം. നെടുമുടിയുടെ ഭാര്യ സുശീലയുടെ സാന്നിദ്ധ്യത്തിലാണ് അവതരണം. കുറച്ച് സമയം കൊണ്ട് ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ചെയ്യാനാണ് കള്ളൻ എന്ന കവിത തിരഞ്ഞെടുത്തത്. കൂട്ടായ പ്രയത്നത്തിന്റെ സൃഷ്‌ടിയായിരിക്കും കള്ളനെന്ന് കൃഷ്‌ണൻ ബാലകൃഷ്‌ണൻ പറയുന്നു.
ആക്ഷേപഹാസ്യത്തിലൂടെ ചിരിയും ചിന്തയും ഉണർത്തുന്ന കവിതയാണ് അയ്യപ്പപ്പണിക്കരുടെ മോഷണം. പറയേണ്ട രീതിയിൽ കാര്യങ്ങൾ പറഞ്ഞ്, പിന്നിൽ ആളെ കൂട്ടുന്ന സമർത്ഥനാണ് അതിലെ കള്ളൻ. എന്തിനും ഏതിനും ന്യായമുള്ള അയാൾ ഒടുവിൽ കുമാരനാശാന്റെ വരികൾ കൂട്ടുപിടിച്ച് സാമൂഹിക ചട്ടങ്ങളെ മാറ്റാനും ആഹ്വാനം ചെയ്യുന്നു.