nayantharavignesh

ചെന്നൈ: വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ പിറന്നെന്ന വാർത്തയ്‌ക്ക് പിന്നാലെ സിനിമാ താരം നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ്. വാടക ഗർഭധാരണ നിയമങ്ങൾക്കെതിരെ പ്രവർത്തിച്ചോ എന്നതു സംബന്ധിച്ചാണ് അന്വേഷിക്കുന്നതെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി എം. സുബ്രഹ്മണ്യം പറഞ്ഞു. മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റാണ് അന്വേഷിക്കുന്നത്.

നിയമപ്രകാരം വിവാഹാനന്തരം അഞ്ച് വർഷത്തിനു ശേഷവും കുട്ടികളില്ലെങ്കിലേ വാടക ഗർഭധാരണത്തിന് അനുമതിയുള്ളൂ. എന്നാൽ നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായിട്ട് നാലു മാസമേ ആയിട്ടുള്ളൂ. അതുകൊണ്ടു തന്നെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാടകഗർഭപാത്ര നിയമമനുസരിച്ച് 2022 ജനുവരി 25 മുതൽ ഇന്ത്യയിൽ വാണിജ്യ വാടക ഗർഭധാരണത്തിന് നിരോധനമുണ്ട്. കൂടാതെ ഗർഭധാരണത്തിന് ചില മാനദണ്ഡങ്ങളും നിശ്ചയിച്ചിരുന്നു. അതേസമയം 21നും 36നും ഇടയിൽ പ്രായമുള്ളവർക്ക് കുടുംബത്തിന്റെ അംഗീകാരത്തോടെ വാടക ഗർഭം ധരിക്കാനുള്ള അവകാശം നിയമം നൽകുന്നുണ്ടെന്നും ഇത് പാലിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.