തിരുവനന്തപുരം: പേട്ട മുത്താരമ്മൻ ക്ഷേത്രം - റെയിൽവേ സ്റ്റേഷൻ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടും നന്നാക്കാൻ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. ഡ്രെയിനേജിന് വേണ്ടി കുഴിയെടുത്ത റോഡ് പൊളിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ഡ്രെയിനേജ് പണിയും റോഡ് പണിയും പൂർത്തിയായിട്ടില്ല.
വഞ്ചിയൂർ കോടതി, പാളയം, കിഴക്കേകോട്ട, മെഡിക്കൽ കോളേജ്, സെക്രട്ടേറിയറ്റ് തുടങ്ങിയ പ്രദേശങ്ങളെ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. വാഹനങ്ങൾക്ക് മാത്രമല്ല, കാൽനട യാത്രക്കാർക്കുപോലും ഇതുവഴിയുള്ള യാത്ര ദുസഹമാണ്. തെരുവ് വിളക്കുകൾ മിക്കദിവസങ്ങളിലും പണിമുടക്കുന്നതിനാൽ രാത്രിയാത്രയിൽ അപകടമുണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്. റെയിൽവേ ക്വാർട്ടേഴ്സിന് മുൻവശത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്നുള്ള പണി നടന്നപ്പോഴും ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടായിരുന്നു. മഴ പെയ്‌താൽ റോഡ് വെള്ളക്കെട്ടാകുന്നത് പതിവാണെന്ന് സമീപവാസികൾ പറയുന്നു.
റെയിൽവേ സ്റ്റേഷൻ
യാത്രക്കാർക്കും ദുരിതം
സിവിൽ സ്റ്റേഷൻ, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെ ജീവനക്കാരെല്ലാം രാവിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ സെൻട്രൽ സ്റ്റേഷന് പകരം പേട്ട സ്റ്റേഷനിലാണിറങ്ങുന്നത്. അമ്പലത്തുമുക്കിൽ നിന്ന് പേട്ടയിലെ പ്രധാന റോഡിലേക്ക് കയറാനുള്ള എളുപ്പമാർഗം കൂടിയാണ് ഈ ഇടറോഡ്. റെയിൽവേ ക്വാർട്ടേഴ്സിന് സമീപത്തെ റോഡിലാണ് പലരും വണ്ടി പാർക്ക് ചെയ്യുന്നത്. റോഡ് തകർന്നതിനാൽ രാവിലെ ഇവിടെ ഗതാഗതക്കുരുക്കുമുണ്ട്.
ടെൻഡർ നടപടി കഴിഞ്ഞു
വി.വി റോഡും ചായക്കുടി റോഡും മുത്താരമ്മൻ റോഡും ഉടൻ നന്നാക്കും. നവീകരണത്തിനുള്ള
ടെൻഡർ നടപടികൾ കഴിഞ്ഞു, കൗൺസിൽ പാസാക്കിയാലുടൻ നടപടികൾ ആരംഭിക്കും.
സി.എസ്. സുജാദേവി, പേട്ട വാർഡ് കൗൺസിലർ
'മുത്താരമ്മൻ ക്ഷേത്രം മുതലുള്ള റോഡ് പൊളിച്ചുമാറ്റി പുനർനിർമ്മിക്കണം. വെള്ളക്കെട്ട്
ഒഴിവാക്കി റോഡ് നവീകരിക്കാനുള്ള നടപടി സ്വീകരിക്കണം.
ബിജു അപ്പുക്കുട്ടൻ, ജനറൽ സെക്രട്ടറി,
കൗമുദി റസിഡന്റ്സ് അസോസിയേഷൻ