
തിരുവനന്തപുരം : ദുർമന്ത്രവാദവും നരബലിയും പോലുള്ള വാർത്തകൾ ഈ കാലഘട്ടത്തിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേൾക്കാറുണ്ട്. എന്നാൽ പുരോഗമന വാദം ഉയർത്തിക്കാട്ടുന്ന കേരളത്തിൽ നിന്ന് അത്തരം ഒരു വാർത്ത പ്രതീക്ഷിച്ചില്ല. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിൽ നിന്നാണ് ഇപ്പോൾ നരബലിയുടെ വാർത്തകൾ പുറത്ത് വന്നത്. ഇതിനെതിരെ പ്രതികരിച്ച് വി.ഡി.സതീശൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റിലൂടെ രംഗത്ത് വന്നിട്ടുണ്ട്.
പോസ്റ്റിന്റെ പുർണരൂപം.
ആഭിചാരക്രിയയുടെ പേരിൽ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ദുർമന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാർത്ത ഉത്തരേന്ത്യയിൽ നിന്നല്ല, നവോത്ഥാനത്തിന്റെ നെറുകയിൽ നിൽക്കുന്നെന്ന് നാം ഓരോരുത്തരും ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തിൽ നിന്നു തന്നെയാണ്. കേട്ടുകേൾവി മാത്രമായ കുറ്റകൃത്യങ്ങൾ നമ്മുടെ കൺമുന്നിലും സംഭവിക്കുകയാണ്. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മൾ ഓരോരുത്തരും അപമാനഭാരത്താൽ തലകുനിയ്‌ക്കേണ്ട സംഭവങ്ങളാണ് പുറത്തു വരുന്നത്.
ആദ്യം കൊല്ലപ്പെട്ട സ്ത്രീയെ ജൂൺ ആറ് മുതൽ കാണാനില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഓഗസ്റ്റ് 17 ന് കാലടി പൊലീസിൽ പരാതിയെത്തി. സെപ്തംബർ 26ന് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ സ്ത്രീയുടെ മിസ്സിംഗ് കേസിനെ തുടർന്നാണ് കാര്യമായ അന്വേഷണമുണ്ടായത്. ആദ്യ പരാതിയിൽ തന്നെ ഗൗരവകരമായ അന്വേഷണം നടന്നിരുന്നുവെങ്കിൽ മറ്റൊരു ജീവൻ രക്ഷിക്കാമായിരുന്നു. ആഭിചാരത്തിന്റെ പേരിൽ കൂടുതൽ കൊലപാതകങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ പൊലീസ് അന്വേഷണം നടത്തേണ്ടതുണ്ട്.
കൊലയാളികളിൽ ഒരാൾ പുരോഗമന നിലപാട് അവകാശപ്പെടുന്നൊരു രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു എന്നതും ഗൗരവതരമാണ്. അതുകൊണ്ട് തന്നെ ബാഹ്യ ഇടപെടലുകളുണ്ടാകാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണം.